മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 127 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ വിന്‍ഡീസിലെ ബോളര്‍മാര്‍ ചേര്‍ന്ന് ബാറ്റുകൊണ്ട് ഒരപൂര്‍വ റെക്കോഡ് തീര്‍ത്തിരിക്കുകയാണ്. 1877 മാർച്ചില്‍ ആരംഭിച്ച ടെസ്റ്റ് ക്രിക്കറ്റിന്‍റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം!.
വെസ്റ്റ് ഇന്‍ഡീസ് ബോളര്‍മാരായ ഗുഡാകേഷ് മോട്ടീ, ജോമെല്‍ വാരിക്കന്‍, ജെയ്‌ഡന്‍ സീല്‍സ് എന്നിവരാണ് അപൂര്‍വ റെക്കോഡിട്ടത്. ഒരു ഇന്നിങ്‌സില്‍ ടീമിനായി അവസാനത്തെ മൂന്ന് ബാറ്റര്‍മാര്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍ നേടിയതാണ് സംഭവം. മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു വിന്‍ഡീസ് താരങ്ങളുടെ റെക്കോഡ് പ്രകടനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാറ്റിങ് തകര്‍ച്ച നേരിട്ട സന്ദര്‍ശകര്‍ ഒരു ഘട്ടത്തില്‍ 66/8 എന്ന നിലയിൽ തകര്‍ന്നിരുന്നു. എന്നാൽ അവരുടെ 9, 10, 11 എന്നീ നമ്പറുകളിലെ ബാറ്റര്‍മാരുടെ മികച്ച പ്രകടത്താല്‍ ടീമിന് ഒടുവിൽ 137 റൺസ് നേടാൻ കഴിഞ്ഞു. 9-ാം നമ്പറിൽ ഇറങ്ങിയ ഗുഡാകേഷ് 19 റൺസ് നേടി, 10-ാം നമ്പറിൽ എത്തിയ ജോമെല്‍ വാരിക്കന്‍ 31 റൺസ് അടിച്ചപ്പോള്‍ 11-ാം നമ്പറുകാരനായ സീൽസ് 22 റൺസായിരുന്നു അടിച്ചത്.
ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള മറ്റൊരു ബാറ്ററും 11 റൺസിൽ കൂടുതൽ നേടിയിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന മൂന്ന് സ്‌കോറുകൾ അവസാന മൂന്ന് ബാറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നത്.
രസകരമായ കാര്യം, രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പേരും പൂജ്യത്തിന് പുറത്തായി എന്നതാണ്. അതേസമയം ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ട് പേർ അവസാന രണ്ട് ബാറ്റര്‍മാരാവുന്നത് ഇതു മൂന്നാം തവണ മാത്രമാണ്.