വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് ചടങ്ങ് നടന്നത്. വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാൾ സത്യപ്രതിജ്ഞയ്‌ക്കുള്ള വേദിയാക്കിയത്.
ജോ ബൈഡനും കാപ്പിറ്റോളിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സിഇഒമാരും ചടങ്ങില്‍ പങ്കെടുത്തു. 1985ൽ റൊണാൾഡ് റീഗൻ്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ് റോട്ടൻഡ ഹാളിൽ നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2017-2021 കാലത്ത് പ്രസിഡൻ്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അമേരിക്കയുടെ അമരത്തെത്തുന്നത്. അസാധാരണമായിട്ടുള്ള ട്രംപിൻ്റെ തിരിച്ചുവരവിൽ കുടിയേറ്റം, ലോക രാജ്യങ്ങളിലെ യുദ്ധം എന്നിവയിൽ അടിയന്തര ഉത്തരവുകൾ പ്രഖ്യാപിക്കുമെന്നാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുത്തു.