ന്യൂഡൽഹി: കോൺഗ്രസ് മുൻ എംഎൽഎമാരായ നീരജ് ബസോയയും നസീബ് സിങും പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. ആം ആദ്‌മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇരുവരും രാജിക്കത്തയച്ചു. അരവിന്ദർ സിങ് ലൗലി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎമാരും പാര്‍ട്ടി വിട്ടിരിക്കുന്നത്.
ആം ആദ്‌മി പാർട്ടിയുമായി ഡൽഹി കോൺഗ്രസ് സഖ്യമുണ്ടാക്കിയത് പ്രവർത്തകർക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്നെന്നും ഇതിൽ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്നും മുൻ എംഎൽഎ നീരജ് ബസോയ അറിയിച്ചു. ആത്മാഭിമാനമുള്ള ഒരു പാർട്ടി നേതാവ് എന്ന നിലയിൽ തനിക്ക് ഇനി പാർട്ടിയിൽ തുടരാനാവില്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് എല്ലാ അവസരങ്ങളും നൽകിയതിന് സോണിയ ഗാന്ധിയോട് നന്ദി പറയുന്നതായും ബസോയ അറിയിച്ചു.