ന്യൂഡല്‍ഹി: രണ്ട് മാസം നീണ്ട ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് സമാപനമായി. ഇന്ന് ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് 2024 തെരഞ്ഞെടുപ്പ് മഹോത്സവത്തിന് കൊടിയിറങ്ങിയിരിക്കുന്നത്.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഏപ്രില്‍ 19ന് തുടങ്ങിയ വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് സമാപിച്ചു. 44 ദിവസം നീണ്ട ദീര്‍ഘമായ പ്രക്രിയ. 1951-52 ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇത്രയും ദീര്‍ഘമായ സമയമെടുത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. ഇനി കേവലം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഫലമറിയാനാകും. ഇതിനിടെ ഇന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നു. എന്‍ഡിഎ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.
ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ് മാമാങ്കത്തിന് തുടക്കമിട്ടത്. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ 66.14 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
ഏപ്രില്‍ 26ന് നടന്ന രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലടക്കം 88 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 66.71 ശതമാനം പോളിങ്ങ് രണ്ടാംഘട്ടത്തില്‍ രേഖപ്പെടുത്തി.