ചാമരാജ്‌നഗർ (കർണാടക):ഇരു കണ്ണുകള്‍ക്കും വ്യത്യസ്‌ത നിറമുള്ള പുള്ളിപ്പുലിയുടെ ചിത്രങ്ങൾ പകർത്തി വൈൽഡ് ഫോട്ടോഗ്രാഫർ. കർണാടക ഗുണ്ടല്‍പേട്ടിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയത്. വൈൽഡ് ഫോട്ടോഗ്രാഫർ ധ്രുവ് പാട്ടീൽ ആണ് പുള്ളിപ്പുലിയുടെ ചിത്രങ്ങളെടുത്തത്.
പാട്ടീൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പുലിയെ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. രണ്ട് കണ്ണുകൾക്കും വ്യത്യസ്‌ത നിറമുള്ള പെൺ പുലിയാണ് ധ്രുവിന്‍റെ കാമറ കണ്ണുകളിൽ കുടുങ്ങിയത്. പുള്ളിപ്പുലിയുടെ ഇടത് കണ്ണിനു തവിട്ട് നിറവും വലത് കണ്ണിന് നീല കലർന്ന പച്ച നിറവുമാണ്. 'ഹെറ്ററോക്രോമിയ' എന്ന ഘടകമാണ് ഇതിന് കാരണം.
ഇത്തരം പുള്ളിപ്പുലിയെ ഇന്ത്യയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. കഴിഞ്ഞയാഴ്‌ച ബന്ദിപ്പൂർ സഫാരി റോഡിൽ വച്ചാണ് പുള്ളിപുലിയുടെ ചിത്രങ്ങൾ പകർത്തിയത്. വീട്ടിലെത്തി ഫോട്ടോകൾ നോക്കിയപ്പോഴാണ് പുലിയുടെ രണ്ട് കണ്ണുകളും വ്യത്യസ്‌തമാണെന്ന് താൻ കണ്ടെത്തിയതെന്ന് പാട്ടീൽ പറഞ്ഞു.