കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റില്‍ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗബലത്തില്‍ ; ഇടതുപാര്‍ട്ടികളുടെ കരുത്തും വെല്ലുവിളികളും - Left parties analysis

തെരഞ്ഞെടുപ്പിലെ ഇടതുപാര്‍ട്ടികളുടെ ചരിത്രവും മുന്നിലുള്ള വെല്ലുവിളികളും പരിശോധിക്കാം

Left parties  Left party analysis  Loksabha Election  Loksabha election Left
Left parties in battle for survival: A SWOT analysis

By ETV Bharat Kerala Team

Published : Mar 16, 2024, 10:37 PM IST

ന്യൂഡൽഹി : പതിനേഴാം ലോക്‌സഭയില്‍ അഞ്ചില്‍ താഴെ മാത്രം എംപിമാരുള്ള ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. ഇടത് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് എംപിമാര്‍ ലോക്‌സഭയിലേക്ക് അയയ്‌ക്കപ്പെട്ടത് 2019-ലെ തെരഞ്ഞെടുപ്പിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല എന്നതാണ് വസ്‌തുത. തെരഞ്ഞെടുപ്പിലെ മോശം പ്രകടനം കാരണം സിപിഐ(എം)ന് ദേശീയ പാര്‍ട്ടി സ്ഥാനം പോലും നഷ്‌ടമാകുന്ന സ്ഥിതിയാണുള്ളത്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിലയുറപ്പിക്കാൻ പോരാടുന്ന ഇടതുപക്ഷ പാർട്ടികളുടെ ശക്തി, ബലഹീനത, സാധ്യതകൾ,നേരിടുന്ന ഭീഷണികൾ എന്നിവ വിശകലനം ചെയ്യാം.

ഇടതുപാര്‍ട്ടികളുടെ കരുത്ത് :

  • കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വതന്ത്രമായാണ് മത്സരിക്കുന്നത്. ഇരുകൂട്ടരെയും മാറി മാറി പരീക്ഷിക്കുന്ന കേരളത്തില്‍ ഇത്തവണ ഇടതുമുന്നണിക്ക് സാധ്യതകളുണ്ട്.
  • പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സി.പി.ഐ.എമ്മിന് കോൺഗ്രസുമായി ഒരു ധാരണ ഇപ്പോഴും സാധ്യമാണ്. ഭരണവിരുദ്ധ വികാരത്തില്‍ ലഭിക്കുന്ന വോട്ടുകള്‍ പെട്ടിയിലാക്കി ബിജെപിയുടെ സാധ്യതകളെ തകർക്കാൻ സഖ്യത്തിന് കഴിഞ്ഞേക്കും.
  • അതേസമയം, 2019-ൽ ഒരു ശതമാനത്തിൽ താഴെ വോട്ട് വിഹിതം മാത്രം രേഖപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ അടുത്തിടെ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. ബിഹാർ നിയമസഭയിൽ സിപിഐ(എംഎൽ), സിപിഐ, സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപാർട്ടികൾ 16 സീറ്റുകളാണ് നേടിയത്.

ഇടതുപാര്‍ട്ടികളുടെ ദൗർബല്യം :

  • നിലവില്‍ ലോക്‌സഭയിൽ അഞ്ച് എംപിമാരാണ് ഇടതുപക്ഷത്തിനുള്ളത്. സിപിഐഎമ്മിൽ നിന്ന് മൂന്ന് പേരും സിപിഐയിൽ നിന്ന് രണ്ട് പേരും. ആറ് പതിറ്റാണ്ടിനിടയിലെ ഇടതുപക്ഷ പാർട്ടികളുടെ ഏറ്റവും കുറഞ്ഞ അംഗ സംഖ്യയാണിത്. 1990 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടത് പാർട്ടികൾ വ്യക്തമായ സ്ഥാനം നിലനിർത്തിയിരുന്നു. 1996 ൽ ഐക്യ മുന്നണി സർക്കാർ രൂപീകരിക്കുമ്പോൾ പ്രധാനമന്ത്രി പദത്തിന് അടുത്തുവരെ സിപിഎം എത്തിയിരുന്നു.
  • 2004 ആയിരുന്നു ഇടതുപാർട്ടികളുടെ സുവര്‍ണ കാലം. സിപിഐ(എം) 43 എംപിമാരെ 2004 ല്‍ പാര്‍ലമെന്‍റിലേക്ക് അയച്ചു. സിപിഐ 10 പേരെയും എഐഎഫ്ബിയും ആർഎസ്‌പിയും മൂന്ന് എംപിമാരെ വീതവും ലോക്‌സഭയിലേക്ക് അയച്ചിരുന്നു.
  • 2009 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ഇടതുപക്ഷ പാർട്ടികളുടെ പതനം രൂക്ഷമായി. 2011ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിനോടും 2018ല്‍ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയോടും ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തിലാകട്ടെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് നേടാനായത്.
  • 1971 മുതൽ 2009 വരെ സിപിഐഎമ്മിന്‍റെ വോട്ട് വിഹിതം അഞ്ച് ശതമാനത്തിന് മുകളിലായിരുന്നു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 5.3 ശതമാനമായിരുന്നു വോട്ട് വിഹിതം. 2014 ൽ അത് 3.3 ശതമാനമായി കുറഞ്ഞു.
  • 1962-ൽ 9.9 ശതമാനം വോട്ട് ലഭിച്ച സി.പി.ഐ.ക്ക് 1967-ൽ 5 ശതമാനമായി കുറഞ്ഞു. 1991ൽ അത് ഏകദേശം 2.5 ശതമാനമായി. 2004ൽ പാർട്ടിക്ക് 1.4 ശതമാനം വോട്ട് ഷെയറാണ് ഉണ്ടായിരുന്നത്.
  • 2009ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം 16 സീറ്റുകൾ നേടിയപ്പോൾ സി.പി.ഐ നാലിടത്ത് വിജയിച്ചു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കും രണ്ട് സീറ്റ് നേടി.
  • 2014ൽ സി.പി.ഐ.എമ്മിന് ഒമ്പത് എം.പിമാരും സി.പി.ഐ.ക്കും ആർ.എസ്.പി.ക്കും ഓരോ എം.പി.മാരുണ്ടായിരുന്നു. 2019ൽ സിപിഐഎമ്മിന് 1.75 ശതമാനം വോട്ട് ലഭിച്ചപ്പോൾ സിപിഐക്ക് അത് 0.5 ശതമാനമായിരുന്നു.

ഇടതുപക്ഷത്തിന് മുന്നിലെ സാധ്യതകൾ :

  • കേരളത്തിൽ കോൺഗ്രസുമായി സീറ്റ് വിഭജന ധാരണയുണ്ടാകില്ലെന്ന് വ്യക്തമാണ്. സിപിഐഎമ്മിനും സിപിഐക്കും സിറ്റിംഗ് എംപിമാരുള്ള തമിഴ്‌നാട്ടിൽ രണ്ട് സീറ്റില്‍ ഇത്തവണയും ഇടതുപക്ഷം മത്സരിക്കുന്നുണ്ട്.
  • ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ നിന്ന് ജനതാദൾ-യുണൈറ്റഡ് പുറത്തായതോടെ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
  • ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യത്തില്‍ സീറ്റ് വിഭജന ചർച്ചകള്‍ക്കായി ഇടതുപാർട്ടികളും കാത്തുനില്‍ക്കുകയാണ്.

മുന്നണിക്കുള്ള ഭീഷണികൾ:

  • സീറ്റ് വിഭജന ചർച്ചകൾ നിലച്ച പല സംസ്ഥാനങ്ങളിലും, പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായ ഇടതുപക്ഷത്തിന് ആവശ്യമുള്ളത്ര സീറ്റുകൾ നേടാന്‍ കഴിഞ്ഞിട്ടില്ല.
  • വയനാട്ടിൽ നിന്ന് വീണ്ടും മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുഖ്യ എതിരാളിയും ഇടതുപക്ഷമാണ്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതും ഇടതുപക്ഷത്തിന് വെല്ലുവിളിയാകും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 13 ശതമാനത്തോളം വോട്ട് വിഹിതം ബിജെപിക്കുണ്ടായിരുന്നു. എൽഡിഎഫിന് 25 ശതമാനവും യു.ഡി.എഫിന് 37 ശതമാനവുമായിരുന്നു വോട്ട് വിഹിതം.
  • പശ്ചിമ ബംഗാളിൽ ടിഎംസി ഏറ്റവും വലിയ കക്ഷിയായി തുടരുമ്പോൾ തന്നെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി ഉയര്‍ന്നുവന്നത് ഇടതുപാർട്ടികളുടെ നിലനില്‍പ്പിന് വലിയ ഭീഷണിയാണ്. അതേ സമയം കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച ഇതുവരെ അവസാനിച്ചിട്ടില്ല.
  • ത്രിപുരയിൽ രണ്ട് ലോക്‌സഭ സീറ്റുകളും ബി.ജെ.പി.യുടെ പക്കലാണ്. ഇപ്പോൾ തിപ്ര മോതയുമായി ബിജെപി സഖ്യത്തിലേർപ്പെടുകയും ചെയ്‌തിട്ടുണ്ട്. ത്രിപുരയില്‍ സി.പി.ഐ.എമ്മിന്‍റെ പിന്തുണയോടെ സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read :രാജ്യം പോളിങ് ബൂത്തിലേക്ക് ; 85 വയസ് കഴിഞ്ഞവർക്ക് വീട്ടില്‍ വോട്ട്, ആകെ വോട്ടര്‍മാര്‍ 96.8 കോടി

ABOUT THE AUTHOR

...view details