ന്യൂഡൽഹി:എഐസിസി പുനസംഘടനയിൽ പ്രതിപക്ഷ നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സ്വാധീനം ദൃശ്യമായിരുന്നുവെന്ന് വിലയിരുത്തല്‍. വെള്ളിയാഴ്‌ച പ്രഖ്യാപിച്ച എഐസിസി സെക്രട്ടറിമാരുടെയും ജോയിന്‍റ് സെക്രട്ടറിമാരുടെയും പട്ടികയിൽ വർഷങ്ങളായി തിരശീലയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്‌ത നിരവധി യുവമുഖങ്ങളെ ഉൾപ്പെടുത്തിയതായി പാർട്ടിയില്‍ ഉള്ളവരടക്കം പറയുന്നു. പുതുതായി നിയമിതരായവരിൽ 60 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
രാഹുല്‍ ഗാന്ധിയുടെ '50 അണ്ടർ 50' എന്ന നയവും പുനസംഘടനയില്‍ വ്യക്തമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 50 ശതമാനം പാര്‍ട്ടി ഭാരവാഹികളും 50 വയസിന് താഴെയുള്ളവര്‍ ആയിരിക്കണമെന്ന് 2022- ലെ ഉദയ്‌പൂർ ചിന്തൻ ശിബിരത്തില്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്‌തിരുന്നു. രാജ്യത്തുടനീളമുള്ള യുവ നേതാക്കളെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് കഴിഞ്ഞ ആഴ്‌ചകളിൽ രാഹുൽ ഗാന്ധി കൂടിയാലോചനകൾ നടത്തിയെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവരുമായി ചർച്ച ചെയ്‌തെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.
'വർഷങ്ങൾക്കുമുമ്പ് പാർട്ടിയുടെ ദേശീയ തലത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇപ്പോൾ നിരവധി യുവാക്കള്‍ക്ക് സംസ്ഥാനങ്ങളിൽ പ്രധാന റോളുകൾ നൽകിയിട്ടുണ്ട്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി സംഘടനയെ നവീകരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. എഐസിസി ഭാരവാഹി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
മേഘാലയയിൽ നിന്നുള്ള സരിത ലൈത്ത്ഫ്‌ലാങ് (Szarita Laitphlang) വടക്കുകിഴക്കൻ സംസ്ഥാനങ്ങില്‍ പാര്‍ട്ടിയുടെ മുന്നണി പോരാളിയാണ്. ഛത്തീസ്‌ഗഢിന്‍റെ എഐസിസി ചുമതലയുള്ള സച്ചിൻ പൈലറ്റിന്‍റെ സെക്രട്ടറിയായി അവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുൻ ജെഡി-യു നേതാവ് ശരദ് യാദവിന്‍റെ മകളായ സുഭാഷിണി യാദവ് ഇനി ഗുജറാത്ത് എഐസിസിയുടെ ചുമതലയുള്ള മുകുൾ വാസ്‌നിക്കിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.