കുൽഗാം (ജമ്മു കശ്‌മീർ) :തെക്കൻ കശ്‌മീരിലെ കുൽഗാമിൽ ഇന്നലെ ആരംഭിച്ച രണ്ട് ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട ആറ് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു. ചിനിഗം കുൽഗാമിൽ നിന്നും നാലും മോട്ടർഗാമിൽ നിന്ന് രണ്ടും മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. യാവർ ബഷീർ, സാഹിദ് അഹമ്മദ് ദാർ, തൗഹീദ് അഹമ്മദ് റാഥർ, ഷകീൽ അഹമ്മദ് വാനില എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ബത്‌പോര, കുൽഗാം എന്നിവിടങ്ങളിൽ നിന്നായി യഥാക്രമം എകെ 47, പിസ്റ്റൾ എന്നിവയും കണ്ടെടുത്തു. രണ്ടിടത്തും തെരച്ചിൽ തുടരുകയാണെന്ന് ഡിജിപി ആർആർ സ്വെയിൻ അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാസേന ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്‌കുമാറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.