ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ സീരീസായ വൺപ്ലസ് 13 സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന ലോഞ്ചിങ് ഇവന്‍റിലാണ് വൺപ്ലസ് തങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വൺപ്ലസ് 13 അവതരിപ്പിക്കുക. ഇതിനുപുറമെ വൺപ്ലസിന്‍റെ ഇയർബഡ്‌സിന്‍റെയും സ്‌മാർട്ട്‌വാച്ചിന്‍റെയും പ്രത്യേക വേരിയൻ്റുകളും ഇന്ന് നടക്കുന്ന ഇവന്‍റിൽ പുറത്തിറക്കും. വൺപ്ലസ് ബഡ്‌സ് പ്രോ 3, വൺപ്ലസ് വാച്ച് 3 എന്നിവയുടെ സ്‌പെഷ്യൽ വേരിയന്‍റുകളാണ് പുറത്തിറക്കുക.
സവിശേഷതകൾ:
2024 ഒക്ടോബറിലാണ് വൺപ്ലസ് 13 ചൈനയിൽ അവതരിപ്പിക്കുന്നത്. ജനുവരിയിൽ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ലോഞ്ചിന് മുൻപ് തന്നെ ഫോണിനെ കുറിച്ചുള്ള നിരവധി വിവരങ്ങൾ പുറത്തുവന്നിരുന്നു. പുതിയ സീരീസിലെ വൺപ്ലസ് 13 മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് പ്രോസസറായിരിക്കുമെന്നാണ് സൂചന. കൂടാതെ, ചോർന്ന വിവരങ്ങൾ പ്രകാരം ഫോണിൽ മൂന്ന് 50 എംപി ക്യാമറ സെൻസറുകളും 32 എംപി സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫോണിന് 2K റെസല്യൂഷനും 120 ഹെട്‌സ് റിഫ്രഷ് റേറ്റുമുള്ള ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാകുമെന്നും സൂചനയുണ്ട്. വൺപ്ലസ് 13ന്‍റെ പിൻവശം ഡിസൈൻ ചെയ്‌തിരിക്കുന്നത് വീഗൻ ലെതർ ഫിനിഷിങിലായിരിക്കും.
വൺപ്ലസ് 13 ആർ ഫോണിനെ കുറിച്ച് പറയുമ്പോൾ, വൺപ്ലസ് 13 സീരീസിലെ വില കുറഞ്ഞ മോഡലായിരിക്കും ഇതെന്നാണ് സൂചന. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 13 ആർ സീരീസിൽ ഫോണുകളിൽ പ്രത്യേക ടെലിഫോട്ടോ ലെൻസ് നൽകുന്ന ആദ്യത്തെ ഫോണാണെന്ന പ്രത്യേകതയും വൺപ്ലസ് 13 ആർ മോഡലിനുണ്ട്. 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 1.5K റെസല്യൂഷനോടുകൂടിയ OLED സ്‌ക്രീനിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലാറ്റ് പാനൽ ഡിസൈനിലായിരിക്കും ഈ ഫോൺ പുറത്തിറക്കുകയെന്നും സൂചനയുണ്ട്.
രണ്ട് ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ടായിരിക്കാം. കൂടാതെ ഇരുമോഡലുകൾക്കും 6000mAh ബാറ്ററി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും രണ്ട് മോഡലുകളും പ്രവർത്തിക്കുക. ഈ ഫോണുകൾക്ക് 4 പ്രധാന ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡുകളും ലഭിക്കും. ഇതുകൂടാതെ, ഫോണുകളിൽ 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കാനിടയുണ്ട്.
വില:
വൺപ്ലസ് 13ൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 65,000 മുതൽ 70,000 രൂപ വരെയാകാനാണ് സാധ്യത. അതേസമയം, വൺപ്ലസ് 13 ആർ മോഡലിന്‍റെ വില 50,000 രൂപയിൽ താഴെയായിരിക്കും.
ലൈവ് സ്‌ട്രീമിങ് എങ്ങനെ കാണാം?
വൺപ്ലസ് 13 സീരീസിന്‍റെ ലോഞ്ചിൻ്റെ തത്സമയ സ്ട്രീമിങ് വൺപ്ലസിന്‍റെ ഔദ്യോഗിക യൂടൂബ് ചാനലിൽ ലഭ്യമാവും. ഇന്ന് രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഇവന്‍റിൽ കമ്പനി പുറത്തിറക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ഫീച്ചറുകളും വിലയും ഉൾപ്പെടെ വിശദീകരിക്കും. വൺപ്ലസ് 13 സീരീസിലെ ഫോണുകൾ ആമസോണിലും വൺപ്ലസിന്‍റെ ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും
- അൾട്രാ സ്ലിം ഡിസൈനിൽ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ: എഐ പവേർഡ് ക്യാമറയുമായി ഷവോമിയുടെ റെഡ്‌മി 14 സി അവതരിപ്പിച്ചു
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- റെഡ്‌മി നോട്ട് 14 സീരീസിന്‍റെ ആഗോള ലോഞ്ച് ജനുവരി 10ന്: ഒപ്പം പുതിയ സ്‌മാർട്ട്‌വാച്ചും ഇയർബഡും