ന്യൂഡൽഹി:കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരക്കാര്‍. പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും ഇന്ന് (സെപ്‌റ്റംബര്‍ 16) തലസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്. കേസ് അന്വേഷണം വേഗത്തിലാക്കുക എന്നതാണ് പ്രതിഷേധിക്കുന്ന ഡോക്‌ടര്‍മാര്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യം.
കൊൽക്കത്ത കമ്മിഷണറെയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ മുഴുവന്‍ മുതിർന്ന ഉദ്യോഗസ്ഥരെയും മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 'അഭയ' കേസില്‍ നീതി ലഭ്യമാക്കണമെന്നും ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടു. തുടക്കം മുതല്‍ തന്നെ എല്ലാ തെളിവുകളും നശിപ്പിക്കുകയും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനുമാണ് കൊല്‍ക്കത്ത ഭരണകൂടവും പൊലീസും ശ്രമിച്ചതെന്നും ഡോക്‌ടര്‍മാര്‍ കുറ്റപ്പെടുത്തി.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനുളള ഉത്തരവില്‍ ഒപ്പിട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ (ഡിഎംഇ), ഹെൽത്ത് സർവീസസ് ഡയറക്‌ടർ (ഡിഎച്ച്എസ്), ആരോഗ്യ സെക്രട്ടറി എന്നിവരെ നീക്കം ചെയ്യണം. ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇവര്‍ വലിയ തോതില്‍ അഴിമതി നടത്തുന്നുണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെ അടുത്തിടെ അറസ്റ്റ് ചെയ്‌തത് ക്രൂരമായ കുറ്റകൃത്യത്തിൽ അദ്ദേഹത്തിൻ്റെ സജീവ പങ്ക് കാണിക്കുന്നതാണെന്നും സമരക്കാര്‍ പറഞ്ഞു.
ഭരണ പരാജയത്തിനും തെളിവ് നാശിപ്പിക്കുന്നതിനും കാരണക്കാരായ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയലിനെയും നോർത്ത് ആൻഡ് സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെയും നീക്കം ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വ്യക്തിയുടെ ഐഡൻ്റിറ്റി മറയ്ക്കാൻ ഇരയുടെ മാതാപിതാക്കൾക്ക് പൊലീസ് കമ്മിഷണർ പണം വാഗ്‌ദാനം ചെയ്‌തതായും സമരക്കാര്‍ പറഞ്ഞു.
ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ക്ക് ശരിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം എന്നതാണ് ഡോക്‌ടര്‍മാരുടെ മറ്റൊരാവശ്യം. എല്ലാ ആശുപത്രികളിലും പോഷ് 2013 പ്രകാരമുള്ള കേസുകളുടെ ശരിയായ അന്വേഷണത്തിനായി ഒരു ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ കോളജിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർഡിഎ) ബോഡികൾക്കും വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനും തെരഞ്ഞെടുക്കപ്പെടാത്ത വിദ്യാർഥി യൂണിറ്റുകൾ പിരിച്ചുവിടാനും നിയമപരമായ അധികാരം നൽകണമെന്നും ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടു.