ന്യൂഡൽഹി: കൊല്‍ക്കത്തയിലെഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്‌ച (സെപ്റ്റംബര്‍ 17) വാദം കേള്‍ക്കും. മുഖ്യമന്ത്രി മമത ബാനർജി സർക്കാരുമായി ജൂനിയർ ഡോക്‌ടർമാര്‍ ചര്‍ച്ച നടത്താന്‍ അഞ്ചാം തവണയും വിസമ്മതിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. പൊലീസ് തെളിവുകളിൽ തിരിമറി നടത്തിയെന്നതാണ് ഡോക്‌ടർമാരുടെ പ്രധാനപ്പെട്ട ആരോപണം.
സമരം ചെയ്യുന്ന ജൂനിയർ ഡോക്‌ടർമാരെ ഇന്നും (സെപ്റ്റംബര്‍ 16) സർക്കാർ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ചര്‍ച്ചയ്‌ക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ തത്സമയം സംപ്രേഷണം വേണമെന്നതുള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതാണ് ഡോക്‌ടര്‍മാര്‍ ചര്‍ച്ച നിരസിക്കാനുള്ള പ്രധാന കാരണം.
സെപ്‌റ്റംബർ 10ന് വൈകിട്ട് അഞ്ച് മണിക്കകം തിരികെ ജോലിയിൽ പ്രവേശിക്കാൻ ഡോക്‌ടര്‍മാര്‍ക്ക് സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ച് ഡോക്‌ടർമാർ സമരം തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്‌ചത്തെ വാദം കേള്‍ക്കല്‍ പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഡോക്‌ടർമാരുടെ അഭാവം സെപ്‌റ്റംബർ 9 വരെ 23 രോഗികളുടെ മരണത്തിന് ഇടക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കൊൽക്കത്തയില്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയായ ട്രെയിനി ഡോക്‌ടറുടെ പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ സുപ്രധാന രേഖ ഇല്ലാത്തതിൽ സെപ്റ്റംബർ ഒമ്പതിന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയം പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുമ്പോൾ ചലാൻ ഉണ്ടായിരുന്നില്ല.
ഈ രേഖ നഷ്‌ടമായിട്ടുണ്ടെങ്കില്‍ അതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. ഈ രേഖ കാണാതായതിന് അര്‍ഥം എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണെന്നും കോടതി പറഞ്ഞു. ചലാന്‍ രേഖ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും കോടതി സിബിഐയോട് നിര്‍ദേശിച്ചു.