ന്യൂഡൽഹി:കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ വനിത പിജി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്‌ത 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് ഇന്ന് (ഓഗസ്റ്റ് 17) രാവിലെ ആറ് മണിക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗം ഒഴികെയുളളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. 24 മണിക്കൂറിനുള്ളിൽ സാധാരണ ഒപിഡികളും അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഐഎംഎ അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 9നാണ് പ്രതിഷേധത്തിനിടയാക്കിയ ഡോക്‌ടറുടെ കൊലപാതകം നടക്കുന്നത്. പിജി ട്രെയിനി ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ഇത് രാജ്യവ്യാപകമായി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.
ദേശീയ വനിത കമ്മിഷന്‍റെ പ്രാഥമിക റിപ്പോർട്ട്
പ്രതിഷേധത്തിനിടെ ദേശീയ വനിത കമ്മിഷന്‍റെ (എൻസിഡബ്ല്യു) രണ്ടംഗ അന്വേഷണ സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡോക്‌ടറുടെ കൊലപാതകത്തില്‍ വനിത കമ്മിഷൻ സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വനിതാ കമ്മിഷന്‍ അംഗം ഡെലീന ഖോണ്ട്ഗുപ്പ് പശ്ചിമ ബംഗാൾ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക സോമ ചൗധരി എന്നിവരടങ്ങുന്ന രണ്ടംഗ സംഘമാണ് അന്വേഷണം നടത്തിയത്. സുരക്ഷ വീഴ്‌ച, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്‌തത, അന്വേഷണത്തിലെ പിഴവുകള്‍ എന്നിവ എടുത്തുകാണിക്കുന്നതാണ് റിപ്പോര്‍ട്ട്.
സംഭവസമയത്ത് സുരക്ഷ ഗാർഡുകളൊന്നും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. രാത്രി ഷിഫ്റ്റുകളിൽ ഓൺ-കോൾ ഡ്യൂട്ടി ഇൻ്റേണുകൾ, ഡോക്‌ടർമാർ, നഴ്‌സുമാർ എന്നിവർക്ക് മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സമിതി കണ്ടെത്തി. കൂടാതെ, വനിതാ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുചിമുറികൾ, സുരക്ഷ, വെളിച്ചം എന്നിവയുടെ അപര്യാപ്‌തത കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ട്രെയിനി ഡോക്‌ടര്‍ കൊല്ലപ്പെട്ടതായി ആരോപിക്കുന്ന സ്ഥലത്ത് പെട്ടെന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെളിവുകൾ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും കമ്മിഷന്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് ഉടൻ സീൽ ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രവും വേഗത്തിലുളളതുമായ അന്വേഷണവും സമിതി ആവശ്യപ്പെട്ടു.
Also Read:ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അക്രമം; 19 പേര്‍ പിടിയില്‍