കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിൽ ചില പോഷകങ്ങളുടെ കുറവുണ്ടാകുമ്പോൾ കണ്ണിന്‍റെ ആരോഗ്യത്തെ അത് ബാധിക്കാറുണ്ട്. വിറ്റാമിൻ എ, ഇ, സി, ബി, ബീറ്റാകരോട്ടിൻ, സിങ്ക് എന്നിവയെല്ലാം കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ബദാം, സൂര്യകാന്തി വിത്തുകൾ, അണ്ടിപ്പരിപ്പ്, ഓട്‌സ്, ബീൻസ്, മത്തങ്ങ വിത്ത്, മുട്ട, ചീസ്, പാൽ, തക്കാളി എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഭക്ഷണങ്ങളാണ്. അത്തരത്തിൽ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികൾ
ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ ഉൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കാനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. അതിനാൽ കാലെ, ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
കാരറ്റ്
കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ബീറ്റാകരോട്ടിന്‍റെ സമ്പന്ന ഉറവിടമാണ് കാരറ്റ്. കൂടാതെ വിറ്റാമിൻ എ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്‍റെ കാഴ്‌ച നിലനിർത്താൻ സഹായിക്കുമെന്ന് 2019 ൽ ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒഫ്‌താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയുടെ മികച്ച സ്രോതസാണ് സിട്രസ് പഴങ്ങൾ. ഇത് കണ്ണിൻ്റെ ലെൻസിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും തിമിര സാധ്യത കുറയ്ക്കകയും ചെയ്യും. കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കാഴ്‌ച നിലനിർത്താനും വിറ്റാമിൻ സി സഹായിക്കുമെന്ന് ആർക്കൈവ്‌സ് ഓഫ് ഒഫ്‌താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
കൊഴുപ്പുള്ള മത്സ്യം
കണ്ണിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ലൊരു ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങൾ. ഇത് കണ്ണുകളിലെ വീക്കം കുറയ്ക്കുകയും റെറ്റിനയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ്റെ സാധ്യത കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. അതിനാൽ സാൽമൺ, മത്തി, അയല എന്നീ മീനുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്‍റെ ഒരു കലവറയാണ് മധുരക്കിഴങ്ങ്. ഇത് കാഴ്‌ചയെ പിന്തുയ്ക്കുകയും രാത്രി അന്ധത തടയാനും സഹായിക്കും. തിമിര സാധ്യത കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും മധുരക്കിഴങ്ങ് ഗുണം ചെയ്യുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
സരസ ഫലങ്ങൾ
കണ്ണിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളാണ് സരസ ഫലങ്ങൾ. ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ റെറ്റിനയെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും രാത്രി കാഴ്‌ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഇവയിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാൽ പതിവായി ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവ കഴിക്കാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താം; ഇതാ ചില നുറുങ്ങുകൾ