ഹൈദരാബാദ്:കാഴ്‌ച വൈകല്യമുള്ളവര്‍ക്ക് മുഖങ്ങളും വസ്‌തുക്കളും തിരിച്ചറിയാനും നാവിഗേഷൻ സപ്പോര്‍ട്ട് നല്‍കുന്നതിനും സഹായിക്കുന്ന എഐ പവര്‍ സ്‌മാര്‍ട് ഗ്ലാസുകള്‍ വികസിപ്പിച്ച് തെലങ്കാനയിലെ കിംസ് ഫൗണ്ടേഷൻ ആൻഡ് റിസര്‍ച്ച് സെന്‍റര്‍. രാജേഷ് രാജുവിൻ്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി സ്ഥാപനമായ അചല ഹെൽത്ത് സർവീസസിൻ്റെ സഹകരണത്തോടെയാണ് ബൊല്ലിനെനി ഭാസ്‌കർ റാവു സ്ഥാപിച്ച കെഎഫ്ആർസി സ്‌മാര്‍ട് ഗ്ലാസുകള്‍ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന ഗവര്‍ണര്‍ ജിഷ്‌ണു ദേവ് വര്‍മയാണ് കണ്ണടകള്‍ പുറത്തിറക്കിയത്.
കിംസ് ഫൗണ്ടേഷൻ ആൻഡ് റിസര്‍ച്ച് സെന്‍റര്‍ വികസിപ്പിച്ച സ്‌മാര്‍ട് ഗ്ലാസുകള്‍ക്ക് കാഴ്‌ചാ വൈകല്യമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഗവര്‍ണര്‍ ജിഷ്‌ണു ദേവ് വര്‍മ പറഞ്ഞു. കാഴ്‌ച വൈകല്യമുള്ള വ്യക്തികള്‍ സഹായത്തിനായി ചൂരലുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍, സ്‌മാര്‍ട് ഗ്ലാസുകള്‍ വരുന്നതോട് കൂടി അവരുടെ ജീവിതനിലവാരം പ്രതീക്ഷിച്ചതിലും മികവുറ്റതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐ പവര്‍ സ്‌മാര്‍ട് ഗ്ലാസുകളുടെ അനാച്ഛാദന ചടങ്ങില്‍ ഗവര്‍ണര്‍ക്കൊപ്പം കിംസ് ഹോസ്‌പിറ്റൽ സിഎംഡി ഡോ. ബൊല്ലിനെനി ഭാസ്‌കര റാവു, മുൻ ഡിആർഡിഒ ശാസ്ത്രജ്ഞൻ ഡോ. വി. ഭുജംഗ റാവു, എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ഡോ. ജി.എൻ. റാവു എന്നിവരും പങ്കെടുത്തു.
- എഐ സ്‌മാര്‍ട് ഗ്ലാസുകളുടെ സവിശേഷതകൾ
മുഖം തിരിച്ചറിയല്‍:ഈ സ്‌മാര്‍ട് ഗ്ലാസുകളില്‍ പരമാവധി 400 പേരുടെ മുഖം തിരിച്ചറിയാനുള്ള വിവരങ്ങള്‍ ശേഖരിക്കാം. ഇത് കാഴ്‌ച വൈകല്യമുള്ളവ്യക്തികളെ തങ്ങളുടെ കുടുംബാങ്ങളേയും സുഹൃത്തുക്കളെയും പരിചയക്കാരെയും പേര് ഉപയോഗിച്ച് തന്നെ തിരിച്ചറിയാൻ സഹായിക്കും.
നാവിഗേഷൻ അസിസ്റ്റൻസ്:നേരത്തെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്ക് അനുസരിച്ച് ഉപയോക്താക്കളെ വീട്, ഓഫിസ്, കോളജ്/സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് എത്താൻ സഹായിക്കും. തത്സമയ തടസങ്ങളെ കുറിച്ചും ഗ്ലാസുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാകുമെന്നതും ഒരു പ്രത്യേകതയാണ്.