കോഴിക്കോട്:ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കോൺഗ്രസ് ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിപ്രായങ്ങൾ സ്വീകാര്യമല്ലെന്നും അവരുടെ കണ്ടെത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന് ഞങ്ങൾ കത്ത് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും ഒട്ടും സ്വീകാര്യമായിരുന്നില്ല. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കും', കെസി വേണുഗോപാൽ പറഞ്ഞു.
'നേരത്തെ നവംബർ 1 ന് കോൺഗ്രസ് ഇസിഐക്ക് ഒരു കൗണ്ടർ റെസ്പോൺസ് സമർപ്പിച്ചു, എന്നാൽ പരാതിയും ഹർജിക്കാരെയും തള്ളിക്കളയുന്ന നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്നുണ്ടായത്. ഹരിയാനയിലെ 20 വിധാൻസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്‍റെ പ്രത്യേക പരാതികൾക്കും ഇസിഐ മറുപടി നൽകിയില്ല' എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചു.
തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ ഇസിഐ ഒരു ക്ലീൻ ചിറ്റ് നൽകിയതിൽ അതിശയിക്കാനില്ല. ഞങ്ങൾ ആ വിഷയം അവിടെ തന്നെ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ ഇസിഐയുടെ പ്രതികരണവും, അവർ ഉപയോഗിച്ച ഭാഷയും, ഐഎൻസിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമാണ് ഈ കൗണ്ടർ റെസ്പോൺസ് സമർപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.