ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മറ്റുളളവരുമായി പങ്കുവെച്ചതിൽ മുഖ്യപ്രതിയെന്ന് പറയപ്പെടുന്ന ശരത്ത് സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
"ഇത്തരം കാര്യങ്ങളിൽ പുരുഷന് ഒന്നും നഷ്‌ടപ്പെടാനില്ല. എന്നാൽ ഒരു സ്‌ത്രീയെ മങ്ങിയ വെളിച്ചത്തിൽ ചിത്രീകരിക്കുന്നത് തെറ്റാണ്. അതിലൂടെ ആ സ്‌ത്രീയെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ കേസിൽ കോടതി ഇപ്പോൾ ഇടപെടില്ല. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടെ." ബെഞ്ച് പറഞ്ഞു. ഇതോടെ പ്രതിളെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിടണമെന്ന് പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ കോടതിയെ ജാമ്യാപേക്ഷ കോടതിയാക്കരുതെന്നും ആദ്യം മുൻകൂർ ജാമ്യമോ സാധാരണ ജാമ്യമോ നേടൂവെന്ന് കോടതി പ്രതികരിച്ചു.
വാദത്തിനിടെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബിഎൻ ജഗദീഷ് അന്വേഷണ റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചു. അതിനോടൊപ്പം പ്രതി ശരത്തിൻ്റെ പങ്ക് വിശദീകരിക്കുകയും ചെയ്‌തു. ശരത്ത് താമസിക്കുന്ന സ്ഥലത്ത് നിന്നും എസ്ഐടി സംഘം പിടിച്ചെടുത്ത നിരവധി സിഡികൾക്കൊപ്പം ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) കോടതിയിൽ സമർപ്പിക്കുകയും കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.