ഭോപ്പാല്‍ : മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും നാല് തവണ കോണ്‍ഗ്രസില്‍ നിന്ന് നിയമസഭ സമാജികനുമായ ചിന്ദ്വാര ദീപക് സക്‌സേനയും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സക്‌സേനയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തു. കമല്‍ നാഥിന്‍റെ വലം കൈയാണ് സക്‌സേന.
കഴിഞ്ഞ മാസം 22ന് സക്‌സേന കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മ്മ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതിനാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു സക്‌സേന കോണ്‍ഗ്രസ് വിട്ടത്. നേരത്തെ ഇദ്ദേഹത്തിന്‍റെ മകന്‍ അജയ് സക്‌സേനയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ചിന്ദ്വാരയിലെ സിറ്റിങ് എംപി കമല്‍ നാഥിന്‍റെ മകന്‍ നകുല്‍ നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ലക്ഷ്യബോധം ഇല്ലാതായിരിക്കുന്നു. തന്‍റെ പിതാവിനെ മാറ്റി നിര്‍ത്തിയിരിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തകരെയും അവഗണിക്കുകയാണ്. അത് കൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും അജയ് സക്‌സേന പറഞ്ഞു.