എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി നൽകിയവർ നേരിടുന്ന ആരോപണങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതിയുടെ നിർദേശം. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചതന്‍റെ അടിസ്ഥാനത്തിലാണ് നോഡൽ ഓഫിസറെ നിയമിക്കാനുള്ള ഹൈക്കോടതി നിർദേശം.
പരാതിക്കാർക്ക് എല്ലായ്‌പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫിസറെ നിയോഗിക്കാൻ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിർദേശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫിസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോഡൽ ഓഫിസർ അന്വേഷണ സംഘത്തിന് കൈമാറും. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ട് ഹാജരായി കോടതിയില്‍ സമർപ്പിച്ചു. അതേസമയം, സിനിമ കോൺക്ലേവ് ജനുവരിയിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഷാജി എൻ കരുൺ സമിതി കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. ഇവിടെയുണ്ടാകുന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതുകൂടി പരിഗണിച്ച് സിനിമാനയ രൂപീകരണം നടത്തുമെന്നാണ് സർക്കാർ അറിയിച്ചത്.