ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാരെ നിയമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രത്തിൽ രണ്ട് മന്ത്രിമാരെ നിയമിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് വലിയ കാര്യമാണ് ചെയ്‌തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
'കേരളത്തിൽ സീറ്റ് ലഭിക്കുന്നത് വളരെ കഠിനമാണ്. കഴിഞ്ഞ 5-6 പതിറ്റാണ്ടുകളായി ഞങ്ങൾ സിപിഎമ്മിനെതിരെ പോരാടുകയാണ്. നമ്മുടെ പ്രവർത്തകർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു.
ഇത് രക്തസാക്ഷികളുടെ വിജയമാണ്. ഈ വിജയം ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 20% വോട്ട് വിഹിതമാണ് ലഭിച്ചത്. 20% വോട്ട് വിഹിതം നേടുകയെന്നത് ചെറിയ കാര്യമല്ല' ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
2025ലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പുകളിലുമാണ് ഞങ്ങൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപി തന്നെയാകും ഇരു മുന്നണികളുടെയും മുഖ്യ എതിരാളിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ ഒരു സീറ്റ് ബിജെപി നേടിയപ്പോൾ യുഡിഎഫ് 18ും എല്‍ഡിഎഫ് ഒരു സീറ്റുമാണ് നേടിയത്.
'വിനോദസഞ്ചാരം, മത്സ്യബന്ധനം, ഡയറി, മൃഗസംരക്ഷണം എന്നിവയിൽ വിപുലമായ സാധ്യതകളുള്ള കേരളത്തിന് നമ്മുടെ സംസ്ഥാനത്തിൻ്റെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും ഉയർച്ചയ്ക്ക് സംഭാവന ചെയ്യുവാൻ കഴിയും. കേരളത്തോടുള്ള മോദിയുടെ കരുതലിനും സ്നേഹത്തിനും നന്ദി' എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയും ബിജെപി നേതൃത്വവും സുരേഷ് ഗോപിക്കും അഡ്വ ജോർജ് കുര്യനും സുപ്രധാന മന്ത്രിസ്ഥാനം നൽകിയിട്ടുളളതുകൊണ്ട് കേരളത്തിൻ്റെ വികസനത്തിന് ഏറെ സഹായകരമാകുമെന്ന് കെ സുരേന്ദ്രൻ നേരത്തെ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു.
Also Read:കേരളത്തിലെ ചുവടുവയ്‌പ്പ് കിറു കൃത്യം: രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി ബിജെപി; അധ്യക്ഷനായി തുടരാന്‍ സുരേന്ദ്രന്‍