ന്യൂഡല്‍ഹി:ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്‌റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്‌ച വിരമിച്ച ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പിൻഗാമിയായാണ് ജസ്‌റ്റിസ് ഖന്ന എത്തുന്നത്.
2025 മെയ് 13 വരെയായിരിക്കും ഖന്നയുടെ കാലാവധി. ഇലക്‌ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുക, ആർട്ടിക്കിൾ 370 റദ്ദാക്കൽ, തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനുകള്‍ ഉപയോഗിക്കുന്നതിനെ ശരിവെക്കല്‍ തുടങ്ങി സുപ്രധാന സുപ്രീംകോടതിയുടെ വിധികളുടെ ഭാഗമായിരുന്നു ഖന്ന. 2024 നവംബർ 11 മുതൽ ജസ്‌റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മുൻ ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഖന്നയുടെ പേര് നിര്‍ദേശിച്ചത്.
ആർട്ടിക്കിൾ 124 ലെ ക്ലോസ് (2) പ്രകാരം രാഷ്ട്രപതിയുടെ വിജ്ഞാപനത്തിൽ ഖന്നയുടെ നിയമനം നിയമ-നീതി മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് ഭരണഘടനയുടെയും, രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവിയിലേക്ക് ജസ്‌റ്റിസ് ഖന്നയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.