ബെംഗളൂരു : ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രചരിച്ച വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ഐടി സെൽ മേധാവി അമിത് മളവ്യക്കും സമന്‍സ് അയച്ച് ബെംഗളൂരു പൊലീസ്. ഇരുവരോടും ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ അന്വേഷണത്തിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.
വിദ്വേഷ വീഡിയോയില്‍ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി), തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും നൽകിയ പരാതിയില്‍ നദ്ദ, മാളവ്യ, ബിജെപി കർണാടക യൂണിറ്റ് മേധാവി ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് നടപടി.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 505 (2) (വർഗീയ വിദ്വേഷം സൃഷ്‌ടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പ്രസ്‌താവനകൾ) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മെയ് നാലിന് ആണ് ബിജെപിയുടെ കർണാടക ഘടകത്തിന്‍റെ അക്കൗണ്ടില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.