അമരാവതി (ആന്ധ്രപ്രദേശ്) :അമരാവതിയിലെ അനധികൃത മണല്‍വാരല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഈനാട് പത്രത്തിന്‍റെ ലേഖകനെ കൊലപ്പെടുത്താന്‍ വൈഎസ്‌ആര്‍സിപി നേതാക്കളുടെ ശ്രമം (Journalist attacked by YSRCP leaders sand mafia). ഇന്നലെ (ഫെബ്രുവരി 14) ആയിരുന്നു സംഭവം. അമരാവതി മണ്ഡലത്തിലെ മല്ലാടിയിലാണ് ഭരണ കക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ ഖനനം നടക്കുന്നത് (illegal sand mining by YSRCP leaders in Amaravati).
സംഭവം വാര്‍ത്തയാക്കാന്‍ എത്തിയ തേലപ്രോളു പരമേശ്വര റാവുവിനെയാണ് വൈഎസ്‌ആര്‍സിപി നേതാവ് വെമ്പ ശ്രീനു, അനുയായികളായ തുളസി തിരുപതി റാവു, ഭവിരിഷെട്ടി സുനില്‍, ഭവിരിഷെട്ടി നാഗേശ്വര റാവു എന്നിവര്‍ ചെര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരമേശ്വര റാവു പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വൈഎസ്‌ആര്‍സിപിയ്‌ക്കും മുഖ്യമന്ത്രി ജഗനും എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിഹാറിലെ ഗുണ്ടാരാജും ചമ്പല്‍ താഴ്‌വരയിലെ കൊള്ളയും ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തില്‍ ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം.
സംഭവം ഇങ്ങനെ:മല്ലാടിയിലെ മണല്‍ ഖനനത്തിന്‍റെ ചിത്രം എടുക്കാന്‍ എത്തിയതായിരുന്നു ഈനാട് ദിനപത്രത്തിന്‍റെ ലേഖകന്‍ പരമേശ്വര റാവു. വിവരം മനസിലാക്കി അവിടെയെത്തിയ വൈഎസ്‌ആര്‍സിപി നേതാക്കള്‍ പരമേശ്വര റാവുവിനെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ടു. നിലത്ത് വീണ പരമേശ്വ റവു എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തും നെഞ്ചിലും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.