ന്യൂഡല്‍ഹി:കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎൻയു) രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 151 ലൈംഗികാതിക്രമ പരാതികളെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിവരം വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയിലൂടെ വ്യക്തമാക്കിയത്.
ലഭിച്ച പരാതികളില്‍ 98 ശതമാനവും പരിഹരിച്ചതായി അവകാശപ്പെടുന്ന സര്‍വകലാശാല നിലവില്‍ മൂന്ന് എണ്ണത്തിന്‍റെ അന്വേഷണം മാത്രമാണ് പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി. പരാതികളുടെ സ്വഭാവത്തെ കുറിച്ചും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടിയെ കുറിച്ചും പ്രതികരിക്കാൻ ജെഎൻയു അധികൃതര്‍ തയ്യാറായിട്ടില്ല. 2018-19 അധ്യയന വര്‍ഷത്തിലാണ് ഐസിസിയ്‌ക്ക് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാലയളവില്‍ മാത്രം 63 പരാതികളായിരുന്നു പരാതി സമിതിക്ക് മുന്നിലെത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് പരാതികളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചു. 2019നും 2021നും ഇടയില്‍ ആറ് പരാതികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളു. 2022-23, 2023-24 വര്‍ഷങ്ങളില്‍ 30 പരാതികള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.