റാഞ്ചി ( ജാര്‍ഖണ്ഡ്) : ഭൂമി കുംഭകോണ കേസില്‍ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രത്യേക പിഎംഎൽഎ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കോടതി വിധി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.
മുൻമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി അഭിഭാഷകർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സോറനെ ബുധനാഴ്‌ച (31-01-2024) രാത്രി ഇഡി അറസ്‌റ്റ് ചെയ്‌തത്.
2020 – 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു എന്ന കേസിലാണ് ഹേമന്ദ് സോറനെ അറസ്‌റ്റ് ചെയ്‌തത്. ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ തന്‍റെ പദവി ദുരുപയോഗപ്പെടുത്തി റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാറും നേടിയിരുന്നു. ഇത് കൂടാതെ നിരവധി കള്ളപ്പണ കേസുകളും സോറനെതിരെ ഇ ഡി ഫയല്‍ ചെയ്‌തിട്ടുണ്ട്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ കസ്‌റ്റഡിയില്‍ : ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി കത്ത് കൈമാറി. നിലവിലെ ഗതാഗത മന്ത്രി ചംപായ് സോറനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ജെഎംഎം തെരഞ്ഞെടുത്തു.