ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് രണ്ട് ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ക്ക് പരിക്കേറ്റു. ഡെല്‍ഫ്‌ത് ദ്വീപിന് സമീപം വച്ച് ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് വെടിവയ്‌പുണ്ടായത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ശ്രീലങ്കന്‍ സ്ഥാനപതിയെ വിളിച്ച് വരുത്തിയ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെടിവയ്‌പില്‍ മൂന്ന് മീന്‍പിടിത്തക്കാര്‍ക്ക് ചെറിയ പരിക്കുകളും പറ്റിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
പതിമൂന്ന് ഇന്ത്യാക്കാരെ പിടികൂടുന്നതിനിടയിലാണ് വെടിവയ്‌പുണ്ടായതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന പതിമൂന്ന് മീന്‍പിടുത്തക്കാരില്‍ രണ്ട് പേര്‍ക്ക് ഏറ്റ പരിക്ക് ഗുരുതരമാണ്. ജാഫ്‌ന ടീച്ചിങ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റവരെ ജാഫ്‌നയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. മീന്‍പിടിത്തക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും ഇവര്‍ ഉറപ്പ് നല്‍കി. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഏത് സാഹചര്യത്തിലായാലും ബലപ്രയോഗം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൈക്കൊണ്ടിട്ടുള്ള ധാരണകള്‍ ശക്തമായി പിന്തുടരണമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
Also Read: സീ പ്ലെയിന്‍ പദ്ധതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് മത്സ്യ തൊഴിലാളി സംഘടനകൾ