കൊറിയക്കാരെ പോലെ തിളങ്ങുന്ന ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. ചർമ്മത്തിലുണ്ടാകുന്ന പാടുകൾ, ചുളിവുകൾ, മുഖക്കുരു, കരുവാളിപ്പ്, നിറവ്യത്യാസം, വരണ്ട ചർമ്മം എന്നിവയെല്ലാം സ്ത്രീകളുടെ ആത്മവിശ്വാസം കെടുത്തുന്നവയാണ്. എന്നാൽ ഇത്തരം ചർമ്മ പ്രശ്‌നങ്ങൾ അകറ്റി കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ഇനി വളരെ എളുപ്പമാണ്. അതിനായി ബ്യുട്ടി പാർലറിൽ പോകുകയോ വലിയ വിലകൊടുത്ത് സൗന്ദര്യവർധക ഉത്പന്നങ്ങൾ വാങ്ങുകയോ വേണ്ട. പകരം വീട്ടിൽ തന്നെയുണ്ട് പരിഹാരം. ക്ലിയർ ഗ്ലാസ് സ്‌കിൻ ലഭിക്കാനായി കൊറിയൻ ഫേസ് മാസ്‌കുകൾ ഉപയോഗിക്കുന്നത് ഫലപ്രധമാണ്. അത്തരത്തിലുള്ള ചില കൊറിയൻ ഫേസ് മാസ്‌കുകൾ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഒന്ന്
അരി കഴുകിയ വെള്ളത്തിലേക്ക് ഗ്രീൻ ടീ കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
രണ്ട്
ഓരോ ടേബിൾ സ്‌പൂൺ വീതം തേനും തൈരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മുതൽ 30 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
മൂന്ന്
കക്കിരിയും കറ്റാർവാഴ ജെല്ലും പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് വിശ്രമിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
നാല്
ഒരു ടേബിൾ സ്‌പൂൺ മഞ്ഞൾപ്പൊടിയിലേക്ക് അൽപം പാൽ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക.
അഞ്ച്
നന്നായി പഴുത്ത ഒരു വാഴപ്പഴവും ഓട്‌സും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് വരെ ഇത് ഉണങ്ങാനായി കാത്തിരിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.
ആറ്
രണ്ട് ടേബിൾ സ്‌പൂൺ അരിപ്പൊടിയിലേക്ക് അൽപം വെള്ളമൊഴിച്ച് ചൂടാക്കുക. കട്ടിയുള്ള മാവിന്‍റെ രൂപത്തിലാകുമ്പോൾ തീ ഓഫാക്കുക. നല്ലപോലെ തണുത്ത ശേഷം ഇതിലേക്ക് അൽപം തിളപ്പിക്കാത്ത പാലും പാൽപ്പാടയും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം.
ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള പരീക്ഷണം നടത്തുന്നതിന് മുൻപ് പച്ച് ടെസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.