ശ്രീനഗര്‍ : ജമ്മു കശ്‌മീർ നിയമസഭയിലേക്കുളള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് (ഒക്‌ടോബര്‍ 01). 90 അംഗ നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 3,918,220 വേട്ടര്‍മാരാണ് ഇന്ന് വിധി എഴുതാന്‍ പോളിങ് ബുത്തിലെത്തുക.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 40 മണ്ഡലങ്ങളിൽ 16 എണ്ണം കശ്‌മീർ മേഖലയിലും 24 എണ്ണം ജമ്മു പ്രവിശ്യയിലുമാണുളളത്. വടക്കൻ കശ്‌മീരിലെ കർണ, ലോലാബ്, ഗുരേസ്, ഉറി എന്നിവയുൾപ്പെടെയുള്ള നിയോജക മണ്ഡലങ്ങളിലാണ് ആദ്യം വോട്ടെടുപ്പ് നടത്തുക. ജമ്മുവിലെ നിയന്ത്രണരേഖയോട് അടുത്തുകിടക്കുന്നതും തിരക്കേറിയ പ്രദേശങ്ങളുമായ മർഹ, അഖ്‌നൂർ, ഛംബ് എന്നിവയുൾപ്പെടെയുളള മണ്ഡലങ്ങളും ഒരു പതിറ്റാണ്ടിന് ശേഷം ജനാധിപത്യ പ്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്.
ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഭാവി തീരുമാനിക്കപ്പെടുന്നത് ഈ ഘടത്തിലായിരിക്കും. ജമ്മു, കത്വ സാംബ, ഉധംപൂർ ജില്ലകളിലെ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കാശ്‌മീര്‍ മേഖലയില്‍ നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി) എന്നിവ തമ്മിലും കടുത്ത മത്സരം നടക്കുന്നുണ്ട്.