രാജ്യത്ത് മതേതര സിവില്‍ കോഡ് വേണമെന്ന് പ്രധാനമന്ത്രി. മതാധിഷ്‌ഠിതമായ സിവില്‍ കോഡല്ല വേണ്ടത്. കാലത്തിന്‍റെ ആവശ്യമാണ് മതേതര സിവില്‍ കോഡെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷം തത്സമയം: പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരെ സ്‌മരിച്ച് പ്രധാനമന്ത്രി - INDEPENDENCE DAY LIVE - INDEPENDENCE DAY LIVE
Published : Aug 15, 2024, 7:48 AM IST
|Updated : Aug 15, 2024, 9:24 AM IST
ന്യൂഡൽഹി : 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലെ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
LIVE FEED
ഏക സിവില്‍ കോഡിനായി പ്രധാനമന്ത്രി
'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' പരാമര്‍ശവുമായി പ്രധാനമന്ത്രി
രാജ്യത്തെ രാഷ്‌ട്രീയ കക്ഷികള്‍ 'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ പിന്തുണയ്‌ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിക്കെതിരായ പോരാട്ടം തുടരും
വര്‍ഷങ്ങളായി രാജ്യത്തെ ബാധിച്ച അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടം തങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി.
ബംഗ്ലാദേശിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു
'ബംഗ്ലാദേശിൽ കാര്യങ്ങൾ ഉടൻ സാധാരണ നിലയിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കണമെന്നാണ് ഇന്ത്യയിലെ 140 കോടി ജനങ്ങളും ആഗ്രഹിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങൾ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പാതയിലൂടെ സഞ്ചരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ബംഗ്ലാദേശിന്‍റെ അഭ്യുദയകാംക്ഷികളായി തുടരും.' പ്രധാനമന്ത്രി പറഞ്ഞു.
ഒളിമ്പിക് താരങ്ങള്‍ക്ക് അഭിനന്ദനം
'ഒളിമ്പിക്‌സിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാക്കളും ഇന്ന് നമ്മൾക്കൊപ്പമുണ്ട്. 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി, നമ്മുടെ എല്ലാ കായിക താരങ്ങളെയും കളിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ഒരു വലിയ സംഘം പാരീസിലേക്ക് പുറപ്പെടും. നമ്മുടെ എല്ലാ പാരാലിമ്പ്യൻമാർക്കും ഞാൻ ആശംസകൾ നേരുന്നു. ജി20 ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിച്ചതോടെ ഇന്ത്യയ്ക്ക് വലിയ തോതിലുള്ള ഇവന്‍റുകൾ സംഘടിപ്പിക്കാനുള്ള കഴിവുണ്ടെന്ന് രാജ്യം തെളിയിച്ചു. 2036 ഒളിമ്പിക്‌സിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. അതിനുള്ള ഒരുക്കങ്ങൾ ഞങ്ങൾ നടത്തുകയാണ്.'
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ആശംസകൾ മാലദ്വീപ് പ്രസിഡൻ്റ്
മാലദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുയിസു ആശംസ അറിയിച്ചത്.
'ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യന്‍ ജനതയ്ക്കും ഞാൻ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. ചരിത്രത്തിൽ വേരൂന്നിയ നമ്മുടെ ശാശ്വത സൗഹൃദം മാലിദ്വീപിലും പ്രദേശത്തും സമൃദ്ധിയും വികസനവും വളർത്തിയെടുക്കാൻ സഹായിച്ചു. ഭാവിയിലും നമ്മുടെ പങ്കാളിത്തം ശക്തമായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- മുയിസു എക്‌സില്‍ കുറിച്ചു.
സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി
'ഇന്ന് ചെങ്കോട്ടയിൽ നിന്ന് ഒരിക്കൽ കൂടി എന്‍റെ വേദന പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ, സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഇതിനെതിരെ രാജ്യത്ത് രോഷമുണ്ട്. ഈ രോഷം എനിക്ക് അനുഭവപ്പെടുന്നുണ്ട്.
രാജ്യവും സമൂഹവും സംസ്ഥാന സർക്കാരുകളും ഇത് ഗൗരവമായി കാണേണ്ടതുണ്ട്. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള അന്വേഷണം വേണം. ഈ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് എത്രയും വേഗം കർശനമായ ശിക്ഷ നൽകണം. സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിന് ഇത് പ്രധാനമാണ്. ബലാത്സംഗങ്ങളും സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉണ്ടാകുമ്പോൾ അത് വ്യാപകമായി ചർച്ച ചെയ്യപ്പെടും. പക്ഷേ ഇത്തരം രാക്ഷസ പ്രവണതയുള്ള ഒരാൾ ശിക്ഷിക്കപ്പെടുമ്പോൾ അത് വാർത്തകളിൽ കാണുന്നില്ല, മറിച്ച് ഒരു മൂലയിൽ ഒതുങ്ങുന്നു. ശിക്ഷ അനുഭവിക്കുന്നവരെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതുവഴി പാപം ചെയ്യുന്നവർ, കൊലക്കയര്‍ ലഭിക്കുമെന്ന് മനസിലാക്കുന്നു. ഈ ഭയം ജനിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.'
ഇന്ത്യ പ്രതിരോധ നിർമ്മാണ കേന്ദ്രമായി ഉയർന്നുവരുന്നു
'പ്രതിരോധ മേഖലയിൽ നമ്മൾ സ്വയം പര്യാപ്തരാവുകയാണ്. ഇന്ന് പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ നമുക്ക് നമ്മുടെ സ്വന്തം ഐഡന്‍റിറ്റിയുണ്ട്. ഇന്ത്യ ഒരു പ്രതിരോധ നിർമ്മാണ കേന്ദ്രമായി ഉയർന്നുവരികയാണ്'
പ്രസവാവധി 12 ആഴ്‌ചയിൽ നിന്ന് 26 ആഴ്‌ചയായി വർധിപ്പിച്ചു
'ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രസവാവധി 12 ആഴ്‌ചയിൽ നിന്ന് 26 ആഴ്‌ചയായി വർദ്ധിപ്പിച്ചു. ഞങ്ങൾ സ്‌ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, അവർക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ സെൻസിറ്റീവായി എടുക്കുക മാത്രമല്ല, ഒരമ്മയ്ക്ക് തന്‍റെ കുഞ്ഞിനെ ഉത്തമ പൗരനാക്കാനുള്ള പാതയില്‍ സർക്കാര്‍ തടസമാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.'
മെഡിക്കൽ കോളേജുകളിൽ 75,000 പുതിയ സീറ്റുകൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ 75,000 പുതിയ സീറ്റുകൾ സൃഷ്‌ടിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. വിക്‌സിത് ഭാരത് 2047 'സ്വസ്‌ത് ഭാരത്'(ആരോഗ്യമുള്ള ഭാരതം) ആകണം. ഇതിനായി ഞങ്ങൾ രാഷ്‌ട്രീയ പോഷൻ മിഷൻ ആരംഭിച്ചതായും പ്രധാന മന്ത്രി പറഞ്ഞു.
യുവാക്കള്‍ ഒരു കുതിച്ചു ചാട്ടമാണ് ആഗ്രഹിക്കുന്നത്
'എന്‍റെ രാജ്യത്തെ യുവാക്കൾ ഇപ്പോൾ പതുക്കെ നടക്കാൻ ഉദ്ദേശിക്കുന്നില്ല. എന്‍റെ രാജ്യത്തെ യുവാക്കൾ വർദ്ധിച്ചുവരുന്ന പുരോഗതിയിൽ വിശ്വസിക്കുന്നില്ല. എന്‍റെ രാജ്യത്തെ യുവാക്കൾ ഒരു കുതിച്ചുചാട്ടം നടത്താനുള്ള മാനസികാവസ്ഥയിലാണ്. കുതിച്ചുചാടി പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാനസികാവസ്ഥയിലാണ്. ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാലും ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഈ അവസരം പാഴാക്കാൻ അനുവദിക്കരുത്. ഈ അവസരവുമായി മുന്നോട്ട് പോയാൽ. നമ്മുടെ സ്വപ്നങ്ങളും തീരുമാനങ്ങളും കൊണ്ട് വിക്‌സിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് കഴിയും...'
സ്‌ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ടുവരുന്ന പുരോഗതി
'കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 10 കോടി സ്‌ത്രീകൾ വനിതാ സ്വയം സഹായ സംഘങ്ങളിൽ ചേർന്നു. 10 കോടി സ്‌ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുവുയാണ്. സ്‌ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായി കുടുംബത്തിലെ തീരുമാനങ്ങൾ എടുക്കുന്ന സംവിധാനത്തിന്‍റെ ഭാഗമാകുന്നത് സാമൂഹിക മാറ്റത്തിലേക്ക് നയിക്കും. ഇതുവരെ, രാജ്യത്തെ സ്വയം സഹായ സംഘങ്ങൾക്ക് 9 ലക്ഷം കോടി രൂപ അനുവദിച്ചു.'
ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പുരോഗതി നിര്‍ണായകം
രാഷ്‌ട്രത്തിന്‍റെ പുരോഗതിക്ക് ബഹിരാകാശ മേഖല ഒരു പ്രധാന ഘടകമാണ്. നമ്മള്‍ ഈ മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾ നടത്തി. ഇന്ന് നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖല ഇന്ത്യയെ ശക്തമായ രാഷ്‌ട്രമാക്കുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണ്. ഞങ്ങൾ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശക്തി നൽകുകയും ചെയ്യുന്നു.
വിക്‌സിത് ഭാരതത്തിനായി പൗരന്‍മാരുടെ അഭിലാഷങ്ങള്‍
'വിക്‌സിത് ഭാരത് 2047-നായി ഞങ്ങൾ പൗരന്‍മാരില്‍ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. ഞങ്ങൾക്ക് ലഭിച്ച നിരവധി നിർദേശങ്ങളില്‍ രാജ്യത്തെ പൗരന്മാരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. ചിലർ ഇന്ത്യയെ നൈപുണ്യ തലസ്ഥാനമാക്കാൻ നിർദേശിച്ചു, മറ്റു ചിലർ ഇന്ത്യയെ ഒരു ഉത്പാദന കേന്ദ്രമാക്കി മാറ്റണമെന്ന് നിര്‍ദേശിച്ചു.
ഭരണത്തിലും നീതിന്യായ വ്യവസ്ഥയിലും പരിഷ്‌കാരങ്ങൾ, ഗ്രീൻഫീൽഡ് നഗരങ്ങളുടെ സൃഷ്‌ടി, ശേഷി വർദ്ധിപ്പിക്കൽ, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം - ഇതൊക്കെയാണ് പൗരന്മാരുടെ അഭിലാഷങ്ങൾ. രാജ്യത്തിന് അത്തരം വലിയ സ്വപ്നങ്ങളുണ്ട്. അത് നമ്മുടെ ആത്മവിശ്വാസത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.'
കൊറോണ കാലഘട്ടം എങ്ങനെ മറക്കാനാകും?
'കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും? നമ്മുടെ രാജ്യം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഏറ്റവും വേഗത്തിൽ വാക്‌സിനുകൾ നൽകി. ഇതേ രാജ്യത്തേക്കാണ് തീവ്രവാദികൾ വന്ന് ആക്രമണം നടത്തിയത്. രാജ്യത്തെ സായുധ സേന പ്രതിരോധം തീര്‍ക്കുമ്പോളും പ്രത്യാക്രമണം നടത്തുമ്പോഴും രാജ്യത്തെ യുവാക്കളിൽ അഭിമാനം നിറയുകയാണ്. അതുകൊണ്ടാണ് രാജ്യത്തെ 140 കോടി പൗരന്മാരും ഇന്ന് അഭിമാനിക്കുന്നത്.
'വോക്കൽ ഫോർ ലോക്കൽ' സാമ്പത്തിക വ്യവസ്ഥയുടെ പുതിയ മന്ത്രമായി
'വോക്കൽ ഫോർ ലോക്കൽ'(പ്രാദേശികര്‍ക്ക് ശബ്‌ദം) എന്ന മന്ത്രം സാമ്പത്തിക വ്യവസ്ഥയുടെ പുതിയ മന്ത്രമായി മാറിയതിൽ ഞാൻ സന്തോഷവാനാണ്. 'ഒരു ജില്ല ഒരു ഉത്പന്നം' എന്ന സമ്പ്രദായം നമ്മള്‍ ആരംഭിച്ചു. ഓരോ ജില്ലയിലെയും പ്രത്യേക ഉത്പന്നങ്ങളിൽ അവര്‍ അഭിമാനം കൊള്ളാൻ തുടങ്ങി.'
പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരെ സ്‌മരിച്ച് പ്രധാനമന്ത്രി
'പ്രകൃതിദുരന്തം മൂലം ഈ വർഷവും കഴിഞ്ഞ കുറച്ച് വർഷങ്ങളിലുമായി നമ്മുടെ ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തിൽ നിരവധി ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളെയും സ്വത്തുക്കളും നഷ്‌ടപ്പെട്ടു. രാജ്യത്തിനും നഷ്‌ടം സംഭവിച്ചു. ഞാൻ എന്‍റെ സഹതാപം പ്രകടിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഈ രാഷ്‌ട്രം അവർക്കൊപ്പം നിൽക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകുന്നു.'
രാജ്യ സ്‌നേഹികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസം
'ഇന്ന് രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച എണ്ണമറ്റ രാജ്യ സ്‌നേഹികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു.'- പ്രധാനമന്ത്രി മോദി പറഞ്ഞു.
കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതിൽ അഭിമാനം
'ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ന് നമ്മൾ 140 കോടി ജനങ്ങളുണ്ട്. നമ്മൾ ദൃഢനിശ്ചയം ചെയ്ത് ഒരു ദിശയിൽ ഒരുമിച്ച് നീങ്ങുകയാണെങ്കിൽ 2047 ഓടെ വഴിയിലെ എല്ലാ തടസങ്ങളെയും മറികടന്ന് നമുക്ക് 'വിക്‌സിത് ഭാരത്' ആയി മാറാം.'- പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പറഞ്ഞു.
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി.
പ്രധാനമന്ത്രി ചെങ്കോട്ടയില്‍
പ്രധാനമന്ത്രി മോദി 7 മണിയോടെ ചെങ്കോട്ടയിലെത്തി. മോദിയുടെ ചെങ്കോട്ടയിലെ 11-ാം സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇന്ന് നടക്കുക. ഡല്‍ഹിയിലുടനീളം സുരക്ഷ ശക്തമാക്കി. 8-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ രാജ് ഘട്ട് സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയിരുന്നു.