കേരളം

kerala

ETV Bharat / bharat

ലോക ചെസ്സില്‍ ഇനി ഇന്ത്യന്‍ വസന്തം; ചതുരംഗക്കളം വാഴാന്‍ ഡി ഗുകേഷ് മുതല്‍ വിദിത് ഗുജറാത്തി വരെ - INDIAN DOMINANCE IN WORLD CHESS

ലോക ചെസ്സ് വേദിയില്‍ സോവിയറ്റ് യൂണിയന്‍ ഒരു കാലത്ത് പുലര്‍ത്തിയ കുത്തക മേധാവിത്വം തങ്ങളുടേതാക്കാന്‍ ഒരു തുടക്കമിട്ടിരിക്കുകയാണ് ഗുകേഷ്.

INDIAN CHESS GRAND MASTERS  CHESS WORLD CHAMPION GUKESH  INDIA CREATE HISTORY IN WORLD CHESS  PRAGGNANANDHAA
D Gukesh (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 7:19 PM IST

Updated : Dec 13, 2024, 9:04 PM IST

ലോക ചെസ്സ് റഷ്യയുടെ കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. അനാറ്റലി കാര്‍പ്പോവ് മുതല്‍ ഗാരി കാസ്‌പറോവ്, വ്ലാഡിമിര്‍ ക്രാംനിക്, സര്‍ജി കര്‍ജാകിന്‍ വരെ റഷ്യന്‍ പ്രതിഭകള്‍ അരങ്ങു വാണ കാലം. ലോക കിരീടത്തിനായി റഷ്യക്കാര്‍ തമ്മില്‍ത്തന്നെ മത്സരിച്ച കാലം. ഇടയ്ക്ക് അമേരിക്കയുടെ ബോബി ഫിഷറും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നേടിയ ലോക കിരീടങ്ങളായിരുന്നു അപവാദം. അതുകഴിഞ്ഞ് നോര്‍വേ- അമേരിക്കന്‍ ആധിപത്യമായിരുന്നു ചെസ്സ് ലോകത്ത്.

ആനന്ദിലൂടെ ഇന്ത്യയില്‍ തുടങ്ങിയ ചെസ്സ് വിപ്ലവം തകര്‍ന്നടിയുമെന്ന സൂചന നല്‍കിക്കൊണ്ട് നോര്‍വേയുടെ മാഗ്നസ് കാള്‍സണും അമേരിക്കന്‍ ചൈനീസ് താരങ്ങളും ലോക ചെസ്സില്‍ മുന്നേറിയ നാളുകള്‍. ഇടയ്ക്ക് ചെനയുടെ ഡിങ്ങ് ലിറെന്‍. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ വിശ്വനാഥന്‍ ആനന്ദില്‍ തുടങ്ങിയ ഇന്ത്യന്‍ ചതുരംഗപ്പടയോട്ടം വിജയ തീരമടുക്കില്ലെന്ന് തോന്നിച്ചിടത്തു നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നുതന്നെയുള്ള പതിനെട്ടുകാരന്‍ ഗുകേഷ് ദൊമ്മരാജു മറ്റൊരു കുതിപ്പിന് തുടക്കമിടുകയാണ്.

D Gukesh Holding World Chess Championship Trophy (ANI)

കാള്‍സന്‍റെ പ്രവചനം

മുന്‍ ലോക ചെസ് ചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒരു പ്രവചനം നടത്തിയിരുന്നു. ഇന്ത്യ ചെസ്സിലെ വന്‍ ശക്തിയാകുന്ന കാലം അതിവിദൂരമല്ലെന്നതായിരുന്നു കാള്‍സന്‍റെ പ്രവചനം. അത് ശരിവക്കുന്ന തരത്തിലുള്ള പ്രകടനമാണ് ലോക ചെസ് വേദികളില്‍ നിന്ന് കാണാനാവുന്നത്. ലോക ചെസ്സ് വേദിയില്‍ സോവിയറ്റ് യൂണിയന്‍ ഒരു കാലത്ത് പുലര്‍ത്തിയ കുത്തക മേധാവിത്വം തങ്ങളുടേതാക്കാന്‍ ഒരു തുടക്കമിട്ടിരിക്കുകയാണ് ഗുകേഷ്.

ഫിഡേ റേറ്റിങ്ങില്‍ ഇന്ത്യന്‍ ആധിപത്യം

ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്ത മുന്‍ രാജ്യാന്തര ചെസ്സ് താരം തൃശൂര്‍ സ്വദേശി എന്‍ ആര്‍ അനില്‍ കുമാറിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ഇന്ത്യയില്‍ ഇനി വരാനിരിക്കുന്നത് ഒരു ചെസ് വിസ്ഫോടനമായിരിക്കും. വിശ്വനാഥന്‍ ആനന്ദിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഫിഡെ റേറ്റിങ്‌സിലേക്കൊന്നു നോക്കിയാല്‍ മതി. സിംഗപ്പൂരില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി കിരീടം ചൂടിയ ഡി ഗുകേഷ് അവിടെ അഞ്ചാം റാങ്കിലാണ്. തൊട്ടു മുന്നിലുണ്ട്, തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള 21 കാരന്‍ അര്‍ജുന്‍ എരിഗേസി.

Arjun Erigaisi (Getty Images)

ഫിഡേ റേറ്റിങ്ങില്‍ 2801 പോയിന്‍റുള്ള അര്‍ജുന്‍ എരിഗേസിയേക്കാള്‍ 18 പോയിന്‍റ് മാത്രം പുറകിലാണ് ഗുകേഷ്. സിംഗപ്പൂരില്‍ ചൈനീസ് താരം ഡിങ്ങ് ലിറെനെ പരാജയപ്പെടുത്തി ഗുകേഷ് ദൊമ്മരാജു ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായപ്പോള്‍ ഇന്ത്യക്കാര്‍ മുഴുവന്‍ തെരഞ്ഞത് പ്രജ്ഞാനന്ദയെയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനോട് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ആര്‍ പ്രജ്ഞാനന്ദ.ചെന്നൈയില്‍ നിന്നു തന്നെയുള്ള പത്തൊമ്പതുകാരന്‍ പ്രജ്ഞാനന്ദ ഫിഡെ റേറ്റിങ്ങില്‍ പതിനേഴാം റാങ്കിലാണ്.

ഇന്ത്യന്‍ ചെസ്സിലെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദുണ്ട് പത്താം റാങ്കില്‍. 23 ആം റാങ്കിലുണ്ട് വിദിത് ഗുജറാത്തി. നാസിക്കില്‍ നിന്നുള്ള മുപ്പതുകാരന്‍. 26 ല്‍ തമിഴ്‌നാട്ടുകാരന്‍ അരവിന്ദ് ചിദംബരം. 49 ല്‍ തൃശൂരുകാരന്‍ നിഹാല്‍ സരിന്‍. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എലോ റേറ്റിങ്ങില്‍ 2600 പോയിന്‍റ് പിന്നിട്ടവരുടെ കൂട്ടത്തില്‍ ലോകത്തു തന്നെ മൂന്നാമനാണ് നിഹാല്‍ സരിന്‍. അങ്ങിനെ ആദ്യ അമ്പതുപേരില്‍ ആറ് ഇന്ത്യക്കാര്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാര്‍.

ആനന്ദ് തുടങ്ങിവെച്ച കുതിപ്പ്

തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള വിശ്വനാഥന്‍ ആനന്ദ് 2000 ത്തിൽ സ്പാനിഷ് താരം അലക്സി ഷിയറോവിനെ അടിയറവ് പറയിച്ച് ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായതോടെ ഇന്ത്യയിലാകെ ഒരു ചെസ് വിപ്ലവത്തിന് തിരി കൊളുത്തപ്പെടുകയായിരുന്നു. 2007 ലും 2008 ലും 2010ലും 2012 ലും ലോക ചെസ്സ് കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദ് മിന്നല്‍ നീക്കങ്ങളിലൂടെ എതിരാളികളെ അടിയറവ് പറയിക്കുന്നതില്‍ മിടുക്കനായിരുന്നു.

Viswanathan Anand (Getty Images)

അമേരിക്കന്‍ താരം ബോബി ഫിഷറിനു ശേഷം 1975 ല്‍ തുടങ്ങിയ ചെസ്സിലെ റഷ്യന്‍ വിജയഗാഥ തകര്‍ത്തെറിഞ്ഞ പടയോട്ടം നയിച്ചവരില്‍ പ്രധാനിയായിരുന്നു ആനന്ദ്. 90 കളില്‍ ഗാരി കാസ്‌പറോവിന്‍റേയും പിന്നീട് ഇടക്കാലത്ത് വ്ലാഡിമിര്‍ ക്രാംനിക്കിന്‍റേയും നിഴലിലായിരുന്നു ആനന്ദ്. 2013 ല്‍ മാഗ്നസ് കാള്‍സണോട് വിശ്നാഥന്‍ ആനന്ദ് അടിയറവ് പറഞ്ഞതോടെ ചെസ്സിലെ നേര്‍വേ യുഗത്തിന് തുടക്കമായി. ആനന്ദിനു പിന്മുറക്കാരായി ഒരു പറ്റം കൗമാര ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ ലോക കിരീടം വീണ്ടെടുക്കാന്‍ പത്തു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗുകേഷിന്‍റെ ഉദയം

ഗുകേഷില്‍ ഒരു ചാമ്പ്യന്‍റെ ലക്ഷണങ്ങളുണ്ടെന്ന് വിശ്വനാഥന്‍ ആനന്ദ് തന്നെ നേരത്തെ അഭിപ്രായപ്പെട്ടത് ശരിവക്കുന്ന തരത്തിലായിരുന്നു ഈ കൗമാര താരത്തിന്‍റെ പ്രകടനം. പന്ത്രണ്ടാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായി. പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി സ്വന്തമാക്കി. 2022 ല്‍ എലോ സ്കോര്‍ 2700 മറികടന്നു. 2726 അതേ വര്‍ഷം ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ചു. 2750 പോയിന്‍റ് നേടുന്ന പ്രായം കുറഞ്ഞ താരമായി.

Magnus Carlsen (Getty Images)

സെപ്റ്റംബറില്‍ ആനന്ദില്‍ നിന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ പട്ടം കൈക്കലാക്കി. നീണ്ട 37 വര്‍ഷത്തിനു ശേഷം ആനന്ദിന് ടോപ്പ് റാങ്ക് നഷ്‌ടമായത് ഗുകേഷ് വന്നപ്പോഴായിരുന്നു. കടുപ്പമേറിയ പോരാട്ടങ്ങളില്‍ കാന്‍ഡിഡേറ്റ്സ് ജയിച്ചു ഒളിമ്പ്യാഡുകളിലെ വ്യക്തിഗത ചാമ്പ്യനായി. എലോ റേറ്റിങ്ങില്‍ 2783 എന്ന അസൂയാവഹമായ നേട്ടം സ്വന്തമാക്കി. സിംഗപ്പൂരില്‍ ലോക കിരീടവും. ഇനി മുന്നിലുള്ളത് മാഗ്നസ് കാള്‍സന്‍, അമേരിക്കന്‍ താരങ്ങളായ ഫാബിയാനോ കാരുവാനാ , ഹികാരു നകാമുറ. നാലാമനായി വാറങ്കലിലെ അര്‍ജുന്‍ എരിഗാസി. ഇനി മാഗ്നസ് കാള്‍സനുമായി ഒരു സ്വപ്‌ന പോരാട്ടം. അതാണ് ഗുകേഷിന്‍റെ അടുത്ത ലക്ഷ്യം.

കാസ്‌പറോവിന്‍റെ നെറ്റിചുളിപ്പിച്ച വിജയം

ഗുകേഷിന്‍റേയും ഇന്ത്യയുടേയും നേട്ടത്തെ വില കുറച്ചു കാണുന്ന തരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ഗാരി കാസ്‌പറോവും മാഗ്നസ് കാള്‍സണും നടത്തിയ പ്രസ്‌താവനകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശന വിധേയമാക്കപ്പെടുന്നുണ്ട്. 1985 ല്‍ 22 ആം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാസ്‌പറോവിന്‍റെ റെക്കോര്‍ഡാണ് 39 വര്‍ഷങ്ങള്‍ക്കു ശേഷം ഗുകേഷ് തകര്‍ത്തെറിഞ്ഞത്.

Magnus Carlsen And Praggnanandhaa (Getty Images)

മാഗ്നസ് കാൾസനോട് കൂടി ലോകചെസ്സ് ചാമ്പ്യൻഷിപ്പിന്‍റെ കാലം കഴിഞ്ഞു എന്നായിരുന്നു കാള്‍സന്‍റെ കോച്ചു കൂടിയായിരുന്ന കാസ്‌പറോവ് അഭിപ്രായപ്പെട്ടത്. സിംഗപ്പൂരില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നിലവാരത്തിന്‍റെ കാര്യത്തില്‍ അത്ര മികച്ചതായിരുന്നില്ലെന്ന അഭിപ്രായ പ്രകടനവുമായി മാഗ്നസ് കാള്‍സനും എത്തി. എന്നാല്‍ ലോക കിരീടം സ്വന്തമാക്കിയ ശേഷം ഗുകേഷ് മാഗ്നസ് കാള്‍സനുമായി ഏറ്റു മുട്ടാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ പോരാട്ടത്തിന് താത്‌പര്യമില്ലെന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറിയിരിക്കുകയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍.

കൃത്യതയുടേയും നിലവാരത്തിന്‍റേയും കാര്യത്തില്‍ ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മുന്‍പന്തിയിലാണെന്നാണ് ചെസ് എഞ്ചിനുകള്‍ വിലയിരുത്തുന്നത്. ഗുകേഷ് ദൊമ്മരാജു എന്ന ലോക ചെസ്സിലെ പുതിയ രാജാവിന് ചാലഞ്ചറായി ഒരു ഇന്ത്യക്കാരന്‍ തന്നെ എത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

Praggnanandhaa (Getty Images)

ഇവര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍

83 ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ് ഇന്ത്യയില്‍ നിന്ന് ഇതേ വരെ വന്നത്. ഇതില്‍ 3 പേര്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ്. 1987 ല്‍ വിശ്വനാഥന്‍ ആനന്ദ് ആണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയത്. 2002 ല്‍ കൊനേരു ഹംപി ഇന്ത്യയിലെ ആദ്യ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി.2007 ല്‍ ജി എന്‍ ഗോപാല്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ഗ്രാന്‍ഡ് മാസ്റ്ററായി. 2015 ല്‍ എസ് എല്‍ നാരായണനും 2018 ല്‍ നിഹാല്‍ സരിനും പിന്നീട് കേരളത്തില്‍ നിന്നുള്ള ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരായി.

സുവര്‍ണ യുഗത്തിന്‍റെ താര നിര

ഇന്ത്യന്‍ ചെസ്സിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന ചെന്നൈയില്‍ നിന്നു തന്നെയാണ് മികച്ച കളിക്കാര്‍ ഏറെയും വരുന്നത്. 29 ഗ്രാന്‍ഡ് മാസ്റ്റര്‍മാരെയാണ് തമിഴ്‌നാട് രാജ്യത്തിന് സംഭാവന ചെയ്‌തത്. ഒരു കാലത്ത് ഇന്ത്യന്‍ ചെസ്സിലെ കരുത്തരായിരുന്ന പശ്ചിമ ബംഗാളിനേയും മഹാരാഷ്ട്രയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലാക്കുന്നതാണ് തുടര്‍ന്നങ്ങോട്ട് കണ്ടത്.

ചെന്നൈക്കു പുറമേ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളില്‍ നിന്നും എണ്ണം പറഞ്ഞ ചെസ്സ് പ്രതിഭകള്‍ ഉദയം ചെയ്‌തു. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ചെസ്സ് പ്രധാന കായിക ഇനമായി. ചെസ്സില്‍ താത്പര്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കോച്ചിങ് നല്‍കുന്ന അക്കാദമികളും സ്‌കൂള്‍തല മത്സരങ്ങളും തമിഴ്‌നാട്ടില്‍ വ്യാപകമായി.

Arjun Erigaisi (Getty Images)

വിശ്വനാഥന്‍ ആനന്ദ് , ശശികിരണ്‍, ആര്‍ ബി രമേഷ്, മാഗേഷ് ചന്ദ്രന്‍, ദീപന്‍ ചക്രവര്‍ത്തി, അരുണ്‍പ്രസാദ്, എസ് കിഡംബി, ആര്‍ ആര്‍ ലക്ഷ്‌മണ്‍, ബി അധിബന്‍, എസ് പി സേതുരാമന്‍, ശ്യാം സുന്ദര്‍, വിഷ്‌ണു പ്രസന്ന, അരവിന്ദ് ചിദംബരം, കാര്‍ത്തികേയന്‍ മുരളി, അശ്വിന്‍ ജയറാം, പ്രിയദര്‍ശന്‍ കെ, ശ്രീനാഥ് നാരായണന്‍, പ്രജ്ഞാനന്ദ, പി കാര്‍ത്തികേയന്‍, ഡി. ഗുകേഷ്, വിശാഖ് എന്‍ ആര്‍, പനീര്‍ശെല്‍വെ ഇനിയന്‍, ആകാശ് ഗണേശന്‍, അര്‍ജുന്‍ കല്യാണ്‍, ഭരത് സുബ്രഹ്മണ്യം, വി പ്രണവ്, പ്രണേഷ് എം, വിഗ്നേഷ് എന്‍ ആര്‍, വൈശാലി രമേഷ് ബാബു അങ്ങിനെ നീളുന്നു തമിഴ് നാട്ടില്‍ നിന്നുള്ള ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ പട്ടിക.

തൊട്ടു പുറകിലുള്ളത് ആന്ധ്രാപ്രദേശാണ്. അവിഭക്ത ആന്ധ്രാപ്രദേശില്‍ ഗുണ്ടൂരും ഗുഡിവാഡയും പിന്നീട് തെലങ്കാനയുടെ ഭാഗമായ വാറങ്കലുമൊക്കെ നിരവധി ചെസ് പ്രതിഭകള്‍ക്ക് ജന്മം നല്‍കി. പി ഹരികൃഷണയിലും ദ്രോണവല്ലിഹരികയിലും കൊനേരു ഹംപിയിലും തുടങ്ങിയ ആന്ധ്രയുടെ മുന്നേറ്റം അര്‍ജുന്‍ എരിഗേസിയിലൂടെ ലോകത്തിന്‍റെ നെറുകയിലെത്തി നില്‍ക്കുകയാണ്. സംസ്ഥാനം രൂപീകരിക്കപ്പെട്ട് ഏറെയായില്ലെങ്കിലും തെലങ്കാനയില്‍ നിന്ന് അര്‍ജുന്‍ എരിഗേസി മുതല്‍ വുപ്പല പ്രണീത് വരെ ആറ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ് വന്നത്.

Vidit Gujrathi (Getty Images)

ബംഗാളില്‍ നിന്നുള്ള ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ ദിബ്യേന്ദു ബറുവയുടെ അക്കാദമിയില്‍ നിന്നു വരുന്ന കൊല്‍ക്കൊത്തയില്‍ നിന്നുള്ള 3 വയസുകാരന്‍ അനീഷ് സര്‍ക്കാര്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡേ റേറ്റഡ് താരമായി ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. 2021 ല്‍ മാത്രം ജനിച്ച അനീഷ് സര്‍ക്കാര്‍ 2 റേറ്റഡ് താരങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് പശ്ചിമബംഗാള്‍ അണ്ടര്‍ 9 ചാമ്പ്യന്‍ഷിപ്പില്‍ 1555 ഫിഡേ റേറ്റിങ്ങ് സ്വന്തമാക്കിയത്. അനീഷ് അടക്കമിള്ള പ്രതിഭകള്‍ ഇനിയുള്ള നാളുകളില്‍ ചെസ് വേദിയെ വിസ്‌മയിപ്പിക്കാനിരിക്കുകയാണ്.

ഒരേ നിലവാരത്തില്‍ കളിക്കാനും ഒപ്പം പിടിക്കാനും കരുത്തും പ്രതിഭയുമുള്ള ആറോ ഏഴോ ഇന്ത്യന്‍ താരങ്ങളുണ്ട് ലോക റേറ്റിങ്ങിന്‍റെ മുന്‍ നിരയില്‍. അവരിലാരുമാകാം ലോക കിരീടപ്പോരാട്ടത്തില്‍ ഗുകേഷിനെ വെല്ലുവിളിക്കാന്‍ പോന്ന എതിരാളി. തളരാതെ പോരാടുമ്പോള്‍ നാം കാണാനിരിക്കുന്നത് ഇന്ത്യാ വേഴ്‌സസ് ഇന്ത്യാ പോരാട്ടങ്ങളാകാം, ലോക ചെസ്സില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിന്‍റെ നാളുകള്‍.

Also Read:ലോക ചെസിലെ ഇന്ത്യന്‍ അഭിമാനം; ചാമ്പ്യന്‍ ഡി ഗുകേഷിന് ട്രോഫി സമ്മാനിച്ചു

Last Updated : Dec 13, 2024, 9:04 PM IST

ABOUT THE AUTHOR

...view details