ന്യൂഡൽഹി : ബി ആർ അംബേദ്‌കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ നിരവധി എംപിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു.
അംബേദ്‌കറുടെ ചിത്രങ്ങളുമായാണ് എംപിമാർ മകര്‍ദ്വാറിന് മുന്നിൽ അണിനിരന്നത്. 'ജയ് ഭീം', 'സംഘ് കാ വിധാൻ നഹി ചലേഗാ', 'അമിത് ഷാ മാഫി മാംഗോ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എല്‍ഡിഎഫ്, എഎപി തുടങ്ങിയ പാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോൺഗ്രസ് കമ്മ്യൂണിക്കേഷൻസിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേഷാണ് രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗ ശകലം എക്‌സിൽ പങ്കുവച്ചത്. 'അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ - അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത്നാ നാം അഗർ ഭഗവാൻ കാ ലെത്തേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാ' (അംബേദ്‌കർ, അംബേദ്‌കർ, എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ദൈവത്തിന്‍റെ പേരാണ് ഇങ്ങനെ ഉരുവിട്ടിരുന്നത് എങ്കില്‍ അവർക്ക് സ്വർഗത്തിൽ ഒരിടമെങ്കിലും ലഭിച്ചേനേ'- അമിത് ഷായുടെ വാക്കുകള്‍.