ഷിംല (ഹിമാചൽ പ്രദേശ്): ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 30 പേരെ കാണാതായി. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. വ്യാഴാഴ്‌ച (ആഗസ്റ്റ് 1) പുലർച്ചെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരം ലഭിച്ചത്.
ഡെപ്യൂട്ടി കമ്മിഷണർ അനുപം കശ്യപും പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധിയും സംഭവസ്ഥലത്തേക്ക് തിരിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീം, പൊലീസ്, റെസ്ക്യൂ ടീം എന്നിവരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ അനുപം കശ്യപ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചു. സ്‌പെഷ്യൽ ഹോം ഗാർഡ് സംഘമായ ഐടിബിപിയെയും രക്ഷാസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ എല്ലാ ടീമുകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ആംബുലൻസ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായതിനെ തുടര്‍ന്ന് രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.