ന്യൂഡൽഹി :ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മേഘവിസ്‌ഫോടനത്തിലെ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ അദ്ദേഹം മാണ്ഡിയിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മാണ്ഡി, കുളു ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്ഥിതിഗതികൾ വിലയിരുത്തി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുമായി ഫോണിൽ സംസാരിച്ചു. സംഭവം അങ്ങേയറ്റം ദുഃഖകരമാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മേഘവിസ്‌ഫോടനത്തിൽ ദുരിതബാധിതരായ കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഷിംല, മാണ്ഡി എന്നിവിടങ്ങളിൽ മേഘവിസ്ഫോടനവും കനത്ത മഴയും മൂലം നിരവധി ആളുകളുടെ മരണവും തിരോധാനവും സംബന്ധിച്ച വാർത്ത ഏറെ ദുഖകരമാണ്. ദുരിത ബാധിതരായ എല്ലാ കുടുംബങ്ങൾക്കും തന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു - രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്‌തു.