ലഖ്‌നൗ :ഉത്തർപ്രദേശിലെ ഹത്രാസില്‍ പ്രാർഥനായോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ച സംഭവത്തില്‍ 'ഭോലെ ബാബ'യെ കണ്ടെത്താനായില്ല എന്ന് പൊലീസ്. 'ഭോലെ ബാബ' ക്യാമ്പസിനുള്ളിൽ ഉണ്ടായിരുന്നില്ല എന്ന് ഡെപ്യൂട്ടി എസ്‌പി സുനിൽ കുമാർ പറഞ്ഞു. ഇന്നലെയാണ് 'ഭോലെ ബാബ'യുടെ പ്രാർഥനായോഗത്തിനിടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്‌ടപ്പെടുന്ന ദാരുണസംഭവം അരങ്ങേറിയത്.
ഇതുവരെ മരിച്ചവരില്‍ 23 പേരുടെ മൃതദേഹങ്ങള്‍ അലിഗഡില്‍ എത്തിച്ചു. പരിക്കേറ്റ മൂന്ന് പേർ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് അലിഗഡ് ഡിഎം വിശാഖ് ജി അയ്യർ പറഞ്ഞു. മരിച്ച 116 പേരില്‍ 32 പേരെയാണ് ഹത്രാസില്‍ എത്തിച്ചത് അതില്‍ 19 പേരെ തിരിച്ചറിഞ്ഞു. ബാക്കി മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹത്രാസ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ മഞ്ജീത് സിങ് പറഞ്ഞു.