ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ 'ചൈന' പരാമർശത്തിൽ വിമർശനവുമായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർലമെന്‍റ് പ്രസംഗത്തിൽ രാഹുൽ, ചൈനീസ് വക്താവിനേക്കാള്‍ കൂടുതൽ ചൈനയെ പുകഴ്‌ത്തിയെന്നാണ് ആരോപണം. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ, 1959ലും 1962ലും നടന്ന സംഘർഷങ്ങളിൽ ചൈന ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയുടെ ഉത്തരവാദിത്തം രാഹുൽ ഏറ്റെടുക്കണമെന്നും വിഷയത്തിൽ മാപ്പ് പറയണമെന്നും റിജിജു ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും ജിഡിപിയിൽ ഉത്‌പാദന വിഹിതം കുറഞ്ഞുവെന്നുമുള്ള വിമർശനത്തിന് പിന്നാലെയായിരുന്നു ചൈനയെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശം.
ബാറ്ററികൾ, റോബോട്ടുകൾ, മോട്ടോറുകൾ, ഒപ്‌റ്റിക്‌സ് എന്നീ വ്യവസായ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി ചൈന പ്രവർത്തിക്കുന്നുണ്ടെന്നും ഈ മേഖലയിൽ ഇന്ത്യയെക്കാൾ കുറഞ്ഞത് പത്തു വർഷത്തെ ലീഡ് ചൈനയ്‌ക്കുണ്ടെന്നും രാഹുൽ പറഞ്ഞു.
മോദിയുടെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടതുകൊണ്ടാണ് ചൈനീസ് സൈന്യത്തിന് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറാന്‍ കഴിഞ്ഞത്. യുദ്ധങ്ങൾ നടക്കുന്നത് സൈന്യങ്ങൾക്കിടയിലല്ല, വ്യാവസായിക സംവിധാനങ്ങൾക്കിടയിലാണ്. സാങ്കേതിക രംഗത്തെ വിപ്ലവം സർക്കാരിന്‍റെ അവകാശവാദം മാത്രമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ അടിസ്ഥാനം ഡാറ്റയാണ്. എന്നാൽ ഡാറ്റയെല്ലാം ചൈനയുടെയും അമേരിക്കയുടെയും കൈകളിലാണ് എന്നും രാഹുൽ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എവിടെ നിന്നാണ് രാഹുലിന് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ചോദിച്ച കിരണ്‍ റിജിജു ഇത്തരം അടിസ്ഥാനരഹിതമായ പരാമർശങ്ങളിൽ പാർലമെൻ്റിൻ്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടു. അവകാശവാദങ്ങല്‍ ആധികാരികമാക്കണമെന്ന് സ്‌പീക്കർ ആവശ്യപ്പെട്ടിട്ടും രാഹുൽ പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്നാണ് രാഹുലിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റമെന്നും റിജിജു പറഞ്ഞു.
വിദേശ ശക്തികളുടെ പിന്തുണയോടെ രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ രാഹുൽ ഗാന്ധി തെറ്റായി ചിത്രീകരിച്ചുവെന്നും ഇന്ത്യയുടെ ഉത്പാദന മേഖലയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ദുബെ തൻ്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ കാലത്ത് ഒപ്പുവച്ച വ്യാപാര കരാറുകൾ ആഭ്യന്തര വ്യവസായങ്ങളെ ദുർബലപ്പെടുത്തി ചൈനയ്ക്ക് നേട്ടമുണ്ടാക്കിയതായും ദുബെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഉത്‌പാദന മേഖലയുടെ വളർച്ചയെ പിന്തുണച്ചിട്ടില്ലെന്നോ ചൈനയുമായുള്ള മത്സരം വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നോ തെളിയിക്കാൻ രാഹുൽ ഗാന്ധിയെ ദുബെ വെല്ലുവിളിച്ചു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ആരോപണങ്ങൾ തെളിയിക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:മെക്‌സിക്കോയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ച് ഡൊണാൾഡ് ട്രംപ്