പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് സംഗമം നടത്തുമെന്നും അമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അയ്യപ്പ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത സ്വര്‍ണ ലോക്കറ്റുകള്‍ വിഷുവിന് പുറത്തിറക്കും. രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം തൂക്കങ്ങളിലുള്ള അയ്യപ്പന്‍റെ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റുകൾ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിഷുക്കൈനീട്ടം എന്ന നിലയില്‍ ലോക്കറ്റ് പുറത്തിറക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തവണത്തെ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായി. 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ അധികമായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വില്‍പനയില്‍ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തില്‍ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
പതിനയ്യായിരത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിൻ്റെ ഫലമാണ് ശബരിമല തീർഥാടനം ഇത്തവണ പരാതിരഹിതമായത്. ശബരിമലയില്‍ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 31 ന് മുന്‍പ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ സർക്കാർ നിർദേശം നല്‍കി. ശബരിമല റോപ്‌വേ പദ്ധതിക്ക് രണ്ടാഴ്ച്ചയ്ക്കകം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടുമെന്നും മാർച്ചില്‍ പദ്ധതിക്ക് തറക്കല്ലിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫിസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു