ഇംഫാൽ:മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് രണ്ട് സമുദായക്കാര്‍ തമ്മിൽ കനത്ത വെടിവെപ്പ് ഉണ്ടായത്. കാങ്പോക്പി ജില്ലയിലെ സമീപ കുന്നുകളിൽ നിന്ന് ഇംഫാൽ താഴ്വരയുടെ പ്രാന്തപ്രദേശത്തുള്ള കുട്രുക്ക് ഗ്രാമത്തിലേക്ക് സായുധ സംഘം വെടിയുതിർത്തതായും എതിര് ചേരിയിലുള്ളവര്‍ തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഇത് വരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘർഷത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 'പമ്പി' എന്നറിയപ്പെടുന്ന പ്രാദേശികമായി നിർമ്മിച്ച മോർട്ടാർ ഷെല്ലുകളും അക്രമികള്‍ വെടിവയ്പ്പിനിടെ ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു.