ഹൈദരാബാദ് :നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ദമ്പതികളാണ് സന്താനങ്ങളാൽ അനുഗ്രഹിക്കപ്പെടാത്തതിന്‍റെ ആശങ്കയിൽ ജീവിക്കുന്നത്. രാജ്യാന്തര ദത്തെടുക്കൽ നമ്മുടെ രാജ്യത്തും വർധിച്ച് വരുകയാണ്. അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ദത്തെടുക്കുന്നത് പെൺകുട്ടികളെയാണ് എന്നതും ഏറെ ശ്രദ്ധേയമാണ്. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കുടുംബങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് വിശ്വാസം. അതിനാൽ, ദത്തെടുക്കുന്ന പെൺകുട്ടികളുടെ എണ്ണം ഉയരുന്നതിൽ അതിശയിക്കാനില്ല.
പെൺകുട്ടികളെ പ്രവസിക്കുന്ന അമ്മമാർ ദാരിദ്ര്യം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ആകാം ആ കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. എന്നാൽ കുട്ടികളില്ലാത്ത ദമ്പതിമാർ ആൺകുട്ടികളെ ദത്തെടുക്കാൻ അവസരമുണ്ടെങ്കിലും മുൻഗണന നൽകുന്നത് പെൺകുട്ടികൾക്കാണ്. പെൺകുട്ടികൾ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. നാല് വർഷത്തിനിടെ തെലങ്കാനയിൽ നിന്ന് 798 കുട്ടികൾ ദത്തെടുക്കപ്പെട്ടിട്ടുണ്ട്, അതിൽ 527 പേരും പെൺകുട്ടികളാണ്.
റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ കാലതാമസം : കുട്ടികളില്ലാത്ത ദമ്പതികൾ നിയമപരമായ ദത്തെടുക്കലിനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയിൽ (CARA) അപേക്ഷിക്കുന്നു. ഇത് പ്രകാരം നടത്തുന്ന ദത്തെടുക്കൽ സാധുവാണ്. മറ്റ് മാർഗങ്ങളിലൂടെ ദത്തെടുക്കാൻ ശ്രമിക്കുന്നത് കുറ്റകരവുമാണ്. ഇതുമൂലം നിരവധി ദമ്പതികൾ 'സിഎആർഎ'യെ ആശ്രയിക്കുന്നു.
ദത്തെടുക്കലിനായി രജിസ്‌റ്റർ ചെയ്‌ത ശേഷം, ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ അവരുടെ സാമൂഹിക, ആരോഗ്യ, സാമ്പത്തിക, വ്യക്തിഗത വിശദാംശങ്ങൾ ശേഖരിക്കുകയും അവ പരിശോധിച്ച് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യണം. അതിനുശേഷം മാത്രമേ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ സീനിയോരിറ്റി പട്ടികയിൽ ഉൾപ്പെടുത്തൂ.
എന്നാൽ, ഭരണപരമായ പിഴവുകളും ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ഈ നടപടി പൂർത്തീകരിക്കുന്നതിൽ ഗുരുതര കാലതാമസമാണ് ഉണ്ടാകുന്നത്. അടുത്തിടെ നടന്ന അവലോകന യോഗത്തിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ മുഖ്യമന്ത്രി രേവന്ത് റെഡി രോഷം പ്രകടിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ അടിയന്തരമായി തയ്യാറാക്കി വെയ്റ്റിങ് ലിസ്‌റ്റിലുള്ളവരുടെ എണ്ണം കുറയ്‌ക്കണമെന്നായിരുന്നു നിർദേശം.