ന്യൂഡൽഹി: രാഷ്‌ട്രത്തിന്‍റെ ഖജനാവിലെ പണം ദരിദ്രർക്ക് പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ സൃഷ്‌ടിക്കുന്നതിന് ഉപയോഗിക്കണോ അതോ രാജ്യത്തുടനീളം സൈക്കിൾ ട്രാക്കുകൾ നിര്‍മിക്കുന്നതിന് ഉപയോഗിക്കണോ എന്ന് സുപ്രീംകോടതി. രാജ്യത്തുടനീളം പ്രത്യേക സൈക്കിൾ ട്രാക്കുകൾ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ചോദ്യം. രാജ്യത്തെ വികസനം ഏകീകൃതമല്ലെന്ന് ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എല്ലാ പ്രധാന നഗരങ്ങളിലും ദരിദ്രർക്ക് പാർപ്പിടമില്ലാത്ത രൂക്ഷ പ്രശ്‌നമുണ്ട്. ജനങ്ങൾ ചേരികളിലാണ് താമസിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും സൈക്കിൾ ട്രാക്കുകൾ ഉണ്ടെന്നും സുപ്രീം കോടതിയുടെ ഒരു ഗേറ്റിന് പുറത്തും സൈക്കിൾ ട്രാക്ക് ഉണ്ടെന്നും അഭിഭാഷകൻ ബെഞ്ചിന് മുന്നിൽ വാദിച്ചു. എന്നാൽ ഈ ട്രാക്കുകൾ വളരെ ചെറുതാണ്. മതിയായ സൗകര്യമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ദരിദ്രർ ആരോഗ്യ സൗകര്യങ്ങളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവത്തില്‍ ബുദ്ധിമുട്ടുമ്പോഴാണ് സൈക്കിള്‍ ട്രാക്കിനുള്ള ഹര്‍ജി എന്ന് ബെഞ്ച് പറഞ്ഞു. പ്രത്യേക സൈക്കിൾ ട്രാക്കുകൾ വേണമെന്ന് കോടതിക്ക് എങ്ങനെ നിർദേശം നൽകാൻ കഴിയുമെന്നും ബെഞ്ച് ചോദിച്ചു. ഇത് ഹർജിക്കാരന്‍റെ ദിവാസ്വപ്‌നമാണ് എന്നും ബെഞ്ച് വ്യക്തമാക്കി.
ശൈത്യ കാലത്ത് വായു മലിനീകരണം ഡൽഹി - എൻസിആറില്‍ ഗുരുതരമായ ഒരു പ്രശ്‌നമാണെന്നും പ്രത്യേക സൈക്കിൾ ട്രാക്കുകൾ ലഭ്യമാണെങ്കിൽ അത് പ്രശ്‌നം ലഘൂകരിക്കാൻ സഹായിക്കുമെന്നും അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ഫെബ്രുവരി 10 ന് കേസില്‍ കൂടുതൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
Also Read: ജോലിക്ക് വേണ്ടി റോഡില്‍ കിടന്ന് യാചിച്ച് യുവതികള്‍; വീഡിയോ പങ്കുവച്ച് വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി