അടുത്തിടെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും അഫ്‌ഗാന്‍ ആക്‌ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്തഖിയും തമ്മില്‍ ദുബായില്‍ നടന്ന കൂടിക്കാഴ്‌ചയാണ് ദക്ഷിണേഷ്യയുടെ മാറുന്ന ബന്ധങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാഴ്‌ച. കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്‌ഖ് ഹസീന അധികാര ഭ്രഷ്‌ട ആയതോടെ ദക്ഷിണേഷ്യയുടെ രാഷ്‌ട്രീയ ഭൂമികയില്‍ മാറ്റം ഉണ്ടായിത്തുടങ്ങി. ഇതിന് പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയോട് പിന്തുണ തുടരണമെന്നും അരി അടക്കമുള്ള വസ്‌തുക്കള്‍ വിതരണം ചെയ്യുന്നത് തുടരണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. അതോടൊപ്പം തന്നം പാകിസ്ഥാനോട് കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാനില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളും ആയുധങ്ങളും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും, പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറിന്‍റെ വരാനിരിക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശനവും മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖമാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ നഷ്‌ടമായ സഹോദരനെന്നാണ് ബംഗ്ലാദേശിനെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനസും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും തമ്മില്‍ നടന്ന നിരവധി കൂടിക്കാഴ്‌ചകള്‍ക്ക് പിന്നാലെയാണ് പാക് വിദേശകാര്യമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം.
സാര്‍ക്കിനെ പുനരുജ്ജീവിപ്പിക്കണമെന്ന യൂനസിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇന്ത്യയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ധാക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നിരന്തര ശ്രമത്തിനിടയിലും ഈ ആവശ്യം അവഗണിക്കുകയാണ്.
പാക് -ബംഗ്ലാദേശ് സൈനിക സഹകരണം
പാകിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ സൈനിക സഹകരണവും ആരംഭിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പാകിസ്ഥാനില്‍ നിന്ന് ഹ്രസ്വദൂര മിസൈലുകള്‍ വാങ്ങാനും ബംഗ്ലാദേശ് ആലോചിക്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്ന് ടാങ്കുകള്‍ വാങ്ങുന്നതും ആലോചനയുണ്ട്. ഇന്ത്യയെ പ്രതിരോധിക്കാനാണ് ഇവയെല്ലാമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പുറമെ അടുത്തമാസം മുതല്‍ പാകിസ്ഥാന്‍ സേന ബംഗ്ലാദേശ് സേനയ്ക്ക് പരിശീലനം നല്‍കാനും പദ്ധതിയിടുന്നുണ്ട്. ബംഗ്ലാദേശിലെ നാല് സൈനികത്താവളങ്ങളിലായാണ് പരിശീലനം. മേജര്‍ ജനറല്‍ പദവിയിലുള്ള ഉദ്യോഗസ്ഥരാണ് പരിശീലക സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
പാക് സൈന്യത്തിന്‍റെ പരിശീലനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ല. എന്നാൽ പാകിസ്ഥാന് പങ്കുള്ള വര്‍ദ്ധിച്ച് വരുന്ന ഭീകരത ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് ഇന്ത്യാവിരുദ്ധ അജണ്ടയുള്ള ഇന്ത്യാ -ബംഗ്ലാദേശ് സൈനിക ബന്ധങ്ങളെ ആശങ്കയോടെ നോക്കിക്കാണാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്. പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്‍റെ ബന്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. അല്ലെങ്കില്‍ ബംഗ്ലാദേശ് യാതൊരു വിധത്തിലും ഇന്ത്യയ്ക്ക് ഭീഷണിയല്ല. പാകിസ്ഥാന്‍ ബംഗ്ലാദേശ് മണ്ണില്‍ കാലുകുത്തിയാല്‍ തൊട്ടുപിന്നാലെ ചൈനയുമെത്തും. ഇതും ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ഇതെല്ലാം പാകിസ്ഥാന്‍റെ ഐഎസ്‌ഐയ്ക്ക് അവിടെ ചുവടുറപ്പിക്കാനുള്ള അവസരമാകും. രാജ്യത്ത് ഇന്ത്യ വിരുദ്ധ നുഴഞ്ഞുകയറ്റല്‍ സംഘങ്ങള്‍ക്ക് വീണ്ടും താവളമുറപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള അവസരവും അതിലൂടെ ഉണ്ടാകും. മുമ്പ് ഇതെല്ലാം അവര്‍ ചെയ്‌തിരുന്നതാണ്. കശ്‌മീരി ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടക്കാനുള്ള ഒരു ഇടത്താവളമായി ബംഗ്ലാദേശ് മാറിയേക്കാനുള്ള സാധ്യതയുമുണ്ട്. ഇവയെല്ലാം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
ഇന്ത്യന്‍ നടപടി ഇസ്ലാമാബാദിനുള്ള നിശബ്‌ദ സന്ദേശം
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും അഫ്‌ഗാനിലെ ആക്‌ടിങ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്‌ച യഥാര്‍ത്ഥത്തില്‍ ഇസ്ലാമാബാദിനുള്ള ഒരു മുന്നറിയിപ്പാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ താലിബാനെ പാകിസ്ഥാൻ പിന്തുണച്ചിരുന്നെങ്കിലും നിലവില്‍ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും അത്ര നല്ല ബന്ധത്തില്‍ അല്ല.
അഫ്‌ഗാനില്‍ വേരുകളുള്ള തെഹ്‌രീക് ഇ താലിബാന്‍റെയും ബലോച് ഫ്രീഡം ഫൈറ്റേഴ്‌സിന്‍റെയും നേതൃത്വത്തിൽ പാകിസ്ഥാനിൽ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് പാകിസ്ഥാന്‍ സൈന്യത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിന് പുറമെ പാകിസ്ഥാന്‍ ടിടിപിയുടെ അഫ്ഗാനിലെ ഒളിയിടങ്ങള്‍ക്ക് നേരെ വ്യോമാക്രമണവുമ നടത്തിയിരുന്നു. അന്‍പത് പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിലേറെയും പാകിസ്ഥാനില്‍ നിന്ന് തിരികെ എത്തിയ അഭയാര്‍ത്ഥികളായ സ്‌ത്രീകളും കുട്ടികളുമായിരുന്നു.
തുടർന്ന് ഇന്ത്യ അഫ്‌ഗാന് ഐക്യദാര്‍ഡ്യവുമായി രംഗത്ത് എത്തി. വ്യോമാക്രമണത്തെ ഇന്ത്യ അപലപിച്ചു. തങ്ങളുടെ ആളുകളെ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പാകിസ്ഥാന്‍റെ അവകാശവാദം. തങ്ങളുടെ ആഭ്യന്തര പരാജയത്തിന് അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്‍റെ രീതിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയ ഏകരാജ്യം ഇന്ത്യ ആയിരുന്നു.
ദുബായ് കൂടിക്കാഴ്‌ചയ്ക്ക് മുമ്പുണ്ടായ ഈ ഐക്യദാര്‍ഢ്യപ്രകടനം വളരെ പ്രാധാന്യമുള്ളതായിരുന്നു. പാകിസ്ഥാനുമായുള്ള പോരാട്ടത്തിന് ഇന്ത്യ അഫ്‌ഗാന് നിരുപാധിക പിന്തുണ നല്‍കുന്നുവെന്നതിന്‍റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയായി ഇത്. ഇന്ത്യയ്ക്ക് അഫ്‌ഗാനില്‍ ശക്തമായ നിലപാടുണ്ട്. നാം അവര്‍ക്ക് നല്‍കുന്ന സഹായങ്ങളും പിന്തുണയും അഫ്‌ഗാന്‍ മാനിക്കുന്നുമുണ്ട്. അഫ്‌ഗാനില്‍ ഏറ്റവും വെറുക്കപ്പെട്ടവര്‍ പാകിസ്ഥാനും ഐഎസ്‌ഐഎസുമാണ്. ഐഎസ്ഐഎസിനെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ അടുത്തിടെ നടത്തിയ ചെയ്‌തികളിലൂടെ നമ്മുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
മാനുഷിക സഹായങ്ങള്‍, വികസന പദ്ധതികള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ തടസപ്പെടുത്തിയ ഛബഹര്‍ തുറമുഖത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, ആരോഗ്യമേഖലയിലെ പിന്തുണ, ക്രിക്കറ്റ് എന്നിവയടക്കമുള്ള വിഷയങ്ങളാണ് ദുബായ് ചര്‍ച്ചകളില്‍ നിറഞ്ഞത്. ആഗോള വെല്ലുവിളികളുടെ സാഹചര്യത്തിലും അഫ്‌ഗാനുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്കും അഫ്‌ഗാന്‍ നന്ദി അറിയിച്ചു. ഇന്ത്യയിലെ അഫ്‌ഗാന്‍ നയതന്ത്രകാര്യാലയം അടച്ച് പൂട്ടിയിരിക്കുകയാണ്. കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ അടിസ്ഥാന ജീവനക്കാര്‍ മാത്രം പ്രവര്‍ത്തിച്ചാണ് സഹായങ്ങള്‍ എത്തിക്കുന്നത്. എങ്കിലും ഇന്ത്യ താലിബാന്‍ ഭരണത്തെ അംഗീകരിച്ചിട്ടില്ല.
ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ഉടനടി രംഗത്തെത്തി. ഇന്ത്യയുടെ അഫ്‌ഗാനിലെ സ്വാധീനം വര്‍ദ്ധിപ്പിച്ച് അഫ്‌ഗാന്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അതിക്രമങ്ങള്‍ നടത്താനാണ് അഫ്‌ഗാനിലെ എല്ലാ നയതന്ത്രകാര്യാലയങ്ങളും അടച്ച ശേഷവും ഇന്ത്യ ശ്രമിക്കുന്നതെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനുമായി പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ആ അവസരം നന്നായി മുതലാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് പാകിസ്ഥാന്‍റെ മുന്‍ അഫ്‌ഗാന്‍ സ്ഥാനപതി മന്‍സൂര്‍ അഹമ്മദ്ഖാന്‍ പ്രതികരിച്ചത്. അഫ്‌ഗാന്‍റെ പാകിസ്ഥാനുമായുള്ള സാഹോദര്യം തകര്‍ക്കാന്‍ ഇന്ത്യ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുന്നു. നമ്മുടെ പൊതു ആശങ്കകള്‍ പരിഹരിക്കാന്‍ അഫ്‌ഗാനിസ്ഥാനുമായി കൂടുതല്‍ സഹകരിക്കുക എന്നത് മാത്രമാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അമേരിക്കയുടെ താലിബാന്‍ സഹായം
ഇതുവരെ അമേരിക്ക നേരിട്ടല്ലാതെ അഫ്‌ഗാന് സഹായമെത്തിക്കുന്നുണ്ട്. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെയുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക സഹായമെത്തിക്കുന്നുണ്ട്. ബൈഡന്‍ ഭരണകൂടം അഫ്‌ഗാനില്‍ നിന്ന് പിന്‍വാങ്ങിയ 2021 ഓഗസ്റ്റ് മുതല്‍ 280 കോടി ഡോളര്‍ സഹായം നല്‍കിയതായി അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ സമിതി അധ്യക്ഷന്‍ മൈക്കിള്‍ മക്ള്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാന് സഹായകമാകുന്ന ഏതൊരു അമേരിക്കന്‍ സഹായവും അംഗീകരിക്കാനാകാത്തത് തന്നെയാണ്. അമേരിക്കയിലെ നികുതിദായകരുടെ പണം താലിബാനിലേക്ക് എത്തിച്ചേരുന്നത് തടയാന്‍ ബൈഡന്‍ ഭരണകൂടം അടിയന്തര നടപടി കൈക്കൊള്ളണമെന്നും സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അമേരിക്കയില്‍ നിന്ന് ഒരു പൈസയും വാങ്ങിയിട്ടില്ലെന്നാണ് താലിബാന്‍റെ നിലപാട്. തങ്ങള്‍ക്ക് ഒരു പൈസ പോലും അമേരിക്ക തന്നിട്ടില്ലെന്ന് താലിബാന്‍ വക്താവ് പറയുന്നു. മറിച്ച് അഫ്‌ഗാനികൾ നേര്‍വഴിക്കുണ്ടാക്കിയ കോടിക്കണക്കിന് ഡോളര്‍ അമേരിക്ക പിടിച്ചെടുക്കുകയും മരവിപ്പിക്കുകയും ചെയ്‌തെന്നും അവര്‍ ആരോപിക്കുന്നു. അതിനിടെ അഫ്‌ഗാനുള്ള ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്കയുടെ സഹായങ്ങള്‍ അഫ്ഗാനില്‍ വളരുന്ന ഭീകരസംഘടനകള്‍ക്കായി ഉപയോഗിക്കുമെന്നാണ് അമേരിക്കയില്‍ പലരും കരുതുന്നത്.
അതെന്തുതന്നെയായാലും ഇപ്പോള്‍ അഫ്‌ഗാനെ സഹായിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് ഇന്ത്യയാണ്. അമേരിക്കയെ നേരിടാനല്ല ഇന്ത്യയുടെ സഹായം. ഇത് പാകിസ്ഥാനുള്ള ഒരു മുന്നറിയിപ്പാണ്. പാകിസ്ഥാന്‍ ബംഗ്ലാദേശിനെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഒരു നിശബ്‌ദ സന്ദേശമാണ് ഇപ്പോഴത്തെ ഈ കൂടിക്കാഴ്‌ചയും ഭാവിയില്‍ അഫ്‌ഗാന് നല്‍കാന്‍ പോകുന്ന സഹായങ്ങളും. ഇതിലൂടെ പാകിസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഇന്ത്യ. ടിടിപിയെയും ബലൂചിനെയും ഇസ്ലാമാബാദിനെതിരെ ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ത്യയ്ക്ക് ഇപ്പോഴും ബംഗ്ലാദേശിനെ ഉപയോഗിക്കാനാകും. ഭൗമശാസ്‌ത്രപരമായ കിടപ്പ് ഇതിന് അനുയോജ്യമാണ്. അതേസമയം പാകിസ്ഥാന് അഫ്‌ഗാനില്‍ നിന്ന് കടുത്ത നടപടികളാകും നേരിടേണ്ടി വരിക.