തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. പീഠത്തില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കല്ലറയ്‌ക്കുള്ളില്‍ ഭസ്‌മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ തന്നെ കല്ലറ തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പൊലീസിന്‍റെ കനത്ത സുരക്ഷയും ഏർപ്പെടുത്തിയായിരുന്നു കല്ലറ പൊളിച്ചത്. സമാധിയിടം നിലനിൽക്കുന്ന സ്ഥലം പൊലീസ് കാവലിലായിരുന്നു. ഇവിടേക്ക് പൊലീസിനും ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളൂ.
രാവിലെ ഏഴുമണിയോടെ സബ് കലക്‌ടർ ഒ വി ആൽഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളുകൾ സ്ഥലത്ത് വരുന്നതിനും പൊലീസ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തും.
അന്വേഷണം രണ്ട് കാര്യങ്ങളില്‍
ഗോപന്‍ സ്വാമിയുടെ മരണം പോലീസ് അന്വേഷിക്കുന്ന ഘടകങ്ങള്‍ രണ്ടാണ്:
1.വിഷം ഉള്ളില്‍ച്ചെന്നാണോ മരണം. ഇത് ആന്തരിക അവയവ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ. ഒരാഴ്ച സമയമെടുക്കും.
2. പരിക്കേറ്റാണോ മരണം. മര്‍ദനമോ മുറിവുകളോ ഉണ്ടായോ എന്ന് എക്സ് റേ റേഡിയോളജി പരിശോധന നടത്തി ഉറപ്പിക്കും.
മരിച്ചത് ഗോപന്‍ സ്വാമിയാണെന്ന് ഉറപ്പാക്കാനുള്ള ഡി എന്‍ എ പരിശോധനയും നടത്തും.സ്വാഭാവിക മരണമാണോ എന്ന് ഉറപ്പിച്ച് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എട്ടംഗ സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ മൂന്ന് ഫോറന്‍സിക് വിദഗ്ധരും പങ്ക് ചേര്‍ന്നു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. രണ്ട് മണിക്കൂറെടുത്താണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പുറത്തെടുത്തത് ഇങ്ങിനെ
കല്ലറ പൊളിക്കുന്നതിന് സാക്ഷ്യം വഹിച്ച നെയ്യാറ്റിന്‍കര നഗരസഭയിലെ പുത്തനമ്പലം വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന കുമാര്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്." മൃതദേഹം ഇരിക്കുന്ന നിലയിലായിരുന്നു. കഴുത്തു വരെ ഭസ്മം കൊണ്ട് മൂടിയ നിലയിലായിരുന്നു. കര്‍പ്പൂരത്തിന്‍റെ ഗന്ധവും ഉണ്ടായിരുന്നു. മുകളിലത്തെ സ്ലാബും മുന്‍ വശത്തെ രണ്ട് സ്ലാബുകളും മറ്റ് രണ്ട് വശത്തെ ചുമരുകളും പൊളിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മുഖം വ്യക്തമായി മനസ്സിലായി. മുന്‍ പരിചയമുള്ളതു കൊണ്ട് അത് ഗോപന്‍ സ്വാമിതന്നെയാണെന്ന് ഉറപ്പിക്കാനായി. ദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു."
മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ശേഷവും സമാധിയിടത്തും വീട്ടിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഗോപന്‍ സ്വാമിയുടെ മൂത്ത മകന്‍ സനന്ദനേയും പോലീസ് ഒപ്പം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.
അതേസമയം സമാധി കല്ലറ തുറക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ഹിന്ദു സംഘടനകളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മകന്‍ രാജസേനന്‍ പ്രതികരിച്ചിരുന്നു. അച്ഛന്‍റെ ആഗ്രഹം ഹിന്ദു ആചാര പ്രകാരം തങ്ങള്‍ ചെയ്യുകയായിരുന്നു എന്നും മകന്‍ പറഞ്ഞു. എന്നാല്‍ കോടതി വിധി മാനിക്കേണ്ടതുണ്ടെന്ന നിലപാടെടുത്ത ഹിന്ദു സംഘടനകള്‍ പ്രതികരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'അച്ഛന്‍ മരിക്കുകയായിരുന്നില്ല. സമാധിയാവുകയായിരുന്നു. പിന്നെങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവുക' എന്നാണ് ഇന്നലെയും മകന്‍ രാജസേനന്‍ ചോദിച്ചത്. 'ഹിന്ദു ആചാര പ്രകാരം സമാധിയായ എന്‍റെ അച്ഛന്‍റെ സ്ഥലത്തു വന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുക എന്നതാണ് നാട്ടുകാരില്‍ ചിലര്‍ ചെയ്‌തിട്ടുള്ളത്. കോടതിയേയും നിയമങ്ങളെയും അങ്ങേയറ്റം മാനിക്കുന്നു. അച്ഛന്‍റേത് മരണമല്ല, സമാധിയാണ്. അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു പരാതി നല്‍കിയ ആളിന്‍റെ പേര് എന്താണ്?
ഇക്കാര്യം പൊലീസ് അന്വേഷിക്കണം. അദ്ദേഹത്തിന്‍റെ ഉദ്ദേശം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക എന്നതാണ്. മരിച്ച ആളിന്‍റെ മൃതദേഹം സമാധിക്കകത്ത് ഉണ്ടോ എന്നു സ്‌കാനര്‍ വച്ച് പരിശോധിക്കാം. കോടതി വിധി പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ അന്വേഷിക്കട്ടെ.' -ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു.