ബെംഗളുരു: അടുത്ത ഒരു പതിറ്റാണ്ടേക്ക് വന്‍ പദ്ധതികളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ഉള്ളത്. 200 ടണ്‍ ശേഷിയുള്ള പൊപ്പല്‍ഷന്‍ സംവിധാനം, ശുക്രന്‍-ചൊവ്വാ ദൗത്യങ്ങള്‍, ചാന്ദ്രയാന്‍-4, ചാന്ദ്രയാന്‍ -5, എന്നിവയ്‌ക്കൊപ്പം പ്രഥമ പരിഗണന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ഇടിവി ഭാരതിന്‍റെ അനുഭ ജെയിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനെക്കുറിച്ച് അദ്ദേഹം വളരെ ദീര്‍ഘമായി തന്നെ ഇടിവിയോട് സംസാരിച്ചു. ദൗത്യം നേരിടുന്ന വെല്ലുവിളികളും ഐഎസ്‌ആര്‍ഒയുടെ ഒരുക്കങ്ങളും അദ്ദേഹം വിശദീകരിച്ചു. 2026ല്‍ തന്നെ ഗഗന്‍യാന്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോമിത്ര റോബോട്ടും വഹിച്ചുള്ള ആദ്യ മനുഷ്യ രഹിത ദൗത്യവും ഇക്കൊല്ലമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ ദൗത്യത്തിന് മുമ്പ് രണ്ട് മൂന്ന് മനുഷ്യരഹിത പരീക്ഷണ ദൗത്യങ്ങളുണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിലാദ്യത്തേത് ഈ വര്‍ഷം തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായാല്‍ മാത്രമേ മനുഷ്യ ദൗത്യം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കഠിന പരിശീലനത്തിലാണ്. കായിക പരിശീലനത്തോടൊപ്പം ദൗത്യത്തിന്‍റെ ഉപകരണങ്ങളും നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്ന് പോകുകയാണ്.
മൂന്ന് യാത്രികരെയാണ് ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലേക്കാണ് (Low Earth Orbit-LEO) ഗഗന്‍യാനെ എത്തിക്കുക. ഇതിനായി എല്‍വിഎം 3 വാഹനം (എച്ച്എല്‍വിഎം3) ഉപയോഗിക്കും. ഇത് അത്യാധുനിക ഘടനയും ഊഷമാവ് നിയന്ത്രണ സംവിധാനങ്ങളുമുള്ള വാഹനമാണ്. വിശാലവും വിശ്വസ്‌തവും ആണ് ഈ വാഹനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തത്സമയം വലാഹനത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താനാകുമെന്നതാണ് മറ്റൊരു സവിശേഷത. വാഹനത്തിലുള്ളവരുടെ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇതിന് പുറമെ ഏറെ മെച്ചപ്പെട്ട പാരിസ്ഥിതിക നിയന്ത്രണ-സുരക്ഷ സംവിധാനങ്ങളും ഇതിനുണ്ട്.