ന്യൂഡൽഹി:എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയര്‍ക്രാഫ്റ്റായ എയർബസ് എ320 നിയോയെ സ്വാഗതം ചെയ്‌ത് കമ്പനി. ഫ്രാൻസിലെ ടൗലൗസില്‍ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഞായറാഴ്‌ച (ജൂലൈ 7) വിമാനം പറന്നിറങ്ങി. എട്ട് ആഡംബര ബിസിനസ് ക്ലാസ് സീറ്റുകൾ, ലെഗ്റൂമോടുകൂടിയ 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 132 ഇക്കണോമി ക്ലാസ് സീറ്റുകൾ എന്നിങ്ങനെ പുതിയ വിമാനത്തിന് മൂന്ന് ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
എയർ ഇന്ത്യ ആദ്യമായാണ് വീതി കുറഞ്ഞ ചെറിയ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്യാബിനുകൾ കൊണ്ടുവരുന്നത്. ഹ്രസ്വദൂര സർവീസ് നടത്തുന്ന ഈ ആഭ്യന്തര വിമാനം ഓഗസ്‌റ്റിൽ സർവീസിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ എയർ ഇന്ത്യ ലിവറിയുമായി ത്രീ-ക്ലാസ് കോൺഫിഗറേഷനിലുള്ള മൂന്ന് എ320 നിയോ വിമാനങ്ങൾ ഇതിനകം ആഭ്യന്തര ശൃംഖലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.