ചണ്ഡീഗഡ് (ഹരിയാന) : ഡൽഹി ചലോ മാർച്ച് (Delhi Chalo march) രണ്ട് ദിവസത്തേക്ക് നിർത്തിവച്ചതായി പഞ്ചാബ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സർവാൻ സിങ് പാന്ദർ അറിയിച്ചു. ഹരിയാന ശംഭു അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും അതിനനുസരിച്ച് തുടർ തീരുമാനം എടുക്കാനും വേണ്ടിയാണ് പ്രതിഷേധം നിർത്തിവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാരാ മിലിട്ടറി സേനയിലൂടെ സമരക്കാരായ നൂറുകണക്കിന് പേരെ പരിക്കേൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ കർഷക നേതാവ് അപലപിച്ചു. തങ്ങളുടെ പ്രസ്ഥാനം പൂർണ്ണമായും സമാധാനപരമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരം തുടരുന്നത് നിർത്താൻ തങ്ങൾ എല്ലാ യുവാക്കളോടും പ്രതിഷേധക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾ ആരംഭിച്ചതിന് ശേഷം കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണ്. ഖനൗരിയിൽ നിന്ന് അശുഭകരമായ വാർത്ത കേട്ടു. ഖനൗരി അതിർത്തിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ 21 വയസുകാരനായ യുവ കർഷകൻ ശുഭ്‌കരണ്‍ സിങ്ങിന് തലയ്ക്ക് വെടിയേൽക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്‌തു.
മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആ സമരത്തിൽ തങ്ങൾക്ക് വിജയിക്കാൻ കഴിയുമോ എന്ന് താൻ കരുതുന്നില്ലെന്നും മുഴുവൻ സാഹചര്യവും പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാർ ഒളിച്ചോടുകയാണെന്നും വ്യാഴാഴ്‌ച എഎൻഐയോട് സംസാരിക്കവെ പാന്ദർ പറഞ്ഞു. നിലവിൽ രണ്ട് ദിവസത്തേക്കാണ് സമരം നിർത്തിവച്ചതെന്നും എന്ത് നടന്നാലും സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എല്ലാം മനസിൽ വച്ചുകൊണ്ട് തങ്ങൾ കൂടുതൽ തീരുമാനങ്ങളെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.