ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയില്‍ വലയുന്ന ബംഗ്ലാദേശില്‍ പത്തൊമ്പതിനായിരത്തോളം ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കണക്കാക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ലോക്‌സഭയില്‍. അതിൽ ഒമ്പതിനായിരത്തോളം പേർ വിദ്യാർഥികളാണെന്നും അവരുമായി കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ജൂലൈയിൽ തന്നെ ഭൂരിഭാഗം വിദ്യാർഥികളും ഇന്ത്യയിലേക്ക് മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
"നയതന്ത്ര ദൗത്യങ്ങളിലൂടെ ബംഗ്ലാദേശിലെ ഇന്ത്യൻ ജനങ്ങളുമായി ബന്ധം പുലർത്തുന്നുണ്ട്. ഏകദേശം പത്തൊമ്പതിനായിരം ഇന്ത്യൻ പൗരന്മാരാണ് ബംഗ്ലാദേശിലുളളത്. അതിൽ ഒമ്പതിനായിരത്തോളം പേർ വിദ്യാർഥികളാണ്. ഇവരില്‍ ഭൂരിഭാഗവും ജൂലൈയിൽ തന്നെ തിരിച്ചെത്തി”- എസ് ജയ്‌ശങ്കർ പറഞ്ഞു.
ബംഗ്ലാദേശിൻ്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യയിലേക്ക് വരുന്നതിനായി അനുമതിക്ക് അഭ്യർത്ഥിച്ചു. തിങ്കളാഴ്‌ച (ഓഗസ്റ്റ് 05) വൈകുന്നേരം അവർ സുരക്ഷിതമായി എത്തിച്ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.