കേരളം

kerala

മലയാളി ജീവനക്കാരിയുടെ മരണം; ചര്‍ച്ചയായി കോര്‍പ്പറേറ്റ് ലോകത്തെ സമ്മര്‍ദം, വിദഗ്‌ധര്‍ പറയുന്നതിങ്ങനെ... - reduce stress in Corporate jobs

By ANI

Published : 4 hours ago

ജോലിയിലെ സമ്മര്‍ദം കുറയ്ക്കുന്നതെങ്ങനെയെന്ന് വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത്‌ പരിചയ സമ്പന്നരായവര്‍ പറയുന്നു...

HOW TO REDUCE STRESS IN CORPORATE  CORPORATE JOB STRESS  കോര്‍പ്പറേറ്റ് ലോകത്തെ സമ്മര്‍ദം  കോര്‍പ്പറേറ്റ് ജോലി സമ്മര്‍ദം
Representative Image (ETV Bharat)

പൂനെ: ഇവൈ കമ്പനിയിലെ മലയാളി ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി സമ്മര്‍ദത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്. പല കമ്പനികളിലെയും മുതിർന്ന എക്‌സിക്യൂട്ടീവുകൾ ജോലി ഭാരത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സഹായിക്കുന്ന ഫലപ്രദമായ നയങ്ങൾ രൂപീകരിക്കണമെന്ന് കോർപ്പറേറ്റ് ഔട്ട്ബൗണ്ട് വിദഗ്‌ധനായ തൻമയ് പെൻഡ്സെ സർക്കാരിനോട് അഭ്യർഥിക്കുന്നു.

'കഴിഞ്ഞ 15-16 വർഷമായി മാനേജ്മെന്‍റ് പ്രവർത്തനങ്ങളിലൂടെ ഞങ്ങൾ ആളുകളെ പരിശീലിപ്പിക്കുന്നുണ്ട്. സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന സെഷനുകൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ജീവനക്കാർ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് വേണ്ടത്. ഇത്തരം ദുരിത സാഹചര്യങ്ങൾ നേരിടാൻ കഴിയുന്ന തരത്തിൽ ഒരു പ്രത്യേക നയം കൊണ്ടുവരാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. എല്ലാ സ്ഥാപനങ്ങളിലും യോഗ സെഷനുകളും ആരംഭിക്കണം.'- തൻമയ് പെൻഡ്സെ പറഞ്ഞു.

ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഘടകമായി നിലനിൽക്കുന്നതിനാൽ സമ്മര്‍ദം എന്നത് കൈകാര്യം ചെയ്യാന്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) കൺസൾട്ടന്‍റായ നിഖിൽ ബഡ്‌ഗുജർ പറയുന്നു. 'വളരെ ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. സമ്മർദത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആളുകൾ മനസിലാക്കേണ്ടതുണ്ട്.

സമ്മർദം ആപേക്ഷികമാണ്. ഞാൻ അനുഭവിക്കുന്ന സമ്മർദമല്ല മറ്റൊരാൾ അനുഭവിക്കുന്നത്. കോർപ്പറേറ്റ് ലോകത്ത് സമ്മർദം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് നമ്മൾ മനസിലാക്കണം. നമ്മൾ തന്നെയാണ് പരിഹാരം കണ്ടെത്തേവര്‍'- ബദ്ഗുജർ പറയുന്നു.

സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇൻഫോസിസിലെ പ്രോസസ് സ്പെഷ്യലിസ്റ്റ് ആനന്ദ് കുൽക്കർണി ജോലിസ്ഥലത്തെ സമ്മർദത്തെപ്പറ്റി വിശദീകരിച്ചത്. സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരാൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പത്ത് വർഷത്തിലേറെയായി ഞാന്‍ കോർപ്പറേറ്റില്‍ ജോലി ചെയ്യുന്നു. ഞാൻ വിവിധ തരം സമ്മര്‍ദങ്ങള്‍ നിരീക്ഷിക്കുകയും അതിലുപരി അനുഭവിക്കുകയും ചെയ്യുന്ന ഒരാളാണ്. ജോലി ആസ്വദിക്കുന്നതിലൂടെയാണ് ഞാന്‍ സമ്മര്‍ദം കൈകാര്യം ചെയ്യുന്നത്. സമ്മർദം എന്നത് കോർപ്പറേറ്റ് ലോകത്ത് ഉള്ളതാണ്. അത് നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.

അനുകമ്പയും ആത്മീയ ജ്ഞാനത്തിലേക്കുള്ള യാത്രയും കോര്‍പ്പറേറ്റ് ലോകത്തെ ഏകാന്തതയും സമ്മര്‍ദങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ പുഷ്‌കര്‍ ഔറംഗാബാദ്. ആഗ്രഹങ്ങളോടുള്ള അഭിനിവേശമാണ് ആളുകളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പുഷ്‌കര്‍ ഔറംഗാബാദ് അഭിപ്രായപ്പെടുന്നത്.

അതേസമയം, ഇവൈ കമ്പനിയില്‍ ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മലയാളി പെണ്‍കുട്ടി പൂനെയില്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നാലാഴ്‌ചയ്ക്കുള്ളില്‍ വിശദമായ റിപ്പോർട്ട് നല്‍കണമെന്ന് കമ്മിഷന്‍ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കമ്പനികളുടെ തൊഴിൽ സംസ്‌കാരം, തൊഴിൽ നയങ്ങൾ, ചട്ടങ്ങൾ എന്നിവ ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുസൃതമായാണോ എന്ന് അവലോകനം ചെയ്യാനും കമ്മിഷൻ നിര്‍ദേശിച്ചു.

Also Read:അന്നയുടെ മരണം അമിത ജോലി സമ്മര്‍ദം മൂലം; അമ്മ അനിതയുടെ പരാതിയില്‍ കേന്ദ്ര അന്വേഷണം

ABOUT THE AUTHOR

...view details