മുംബൈ: മരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖിയുടെ നെഞ്ചില്‍ വെടിയേറ്റ രണ്ട് മുറിവുകൾ ഉണ്ടായിരുന്നതായി ഡോക്‌ടര്‍മാര്‍. ഇന്നലെ (ഒക്‌ടോബര്‍ 12) രാത്രി 9.30 ഓടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബയെ രക്ഷപ്പെടുത്താന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് ഫിസിഷ്യൻ ഡോ. ജലീൽ പാർക്കർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെടിയുണ്ടകളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുമെന്ന് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. നിതിൻ ഗോഖലെ പറഞ്ഞു. ആശുപത്രിയിലെത്തുന്ന സമയത്ത് ബാബ സിദ്ദിഖിയുടെ പൾസോ രക്തസമ്മർദമോ ഉണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി പുനരുജ്ജീവന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായെന്ന് ഡോക്‌ടർ നിരജ് ഉത്തമനി വ്യക്തമാക്കി.