കേരളം

kerala

ETV Bharat / bharat

'രാജരാജേശ്വരി ദേവിയുടെ ഭക്തനാണ് ഞാനും'; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് ഡികെ ശിവകുമാര്‍ - DK Sivakumar clarifies Kerala yaga - DK SIVAKUMAR CLARIFIES KERALA YAGA

പൂജ നടന്ന സ്ഥലം പരാമര്‍ശിക്കുന്നതിനായാണ് രാജരാജേശ്വരി ക്ഷേത്രത്തിന്‍റെ പേര് പറയേണ്ടി വന്നതെന്ന് ഡികെ ശിവകുമാര്‍.

ഡികെ ശിവകുമാര്‍  ശത്രുസംഹാര യാഗം  കേരളത്തിലെ ദുര്‍മന്ത്രവാദം  ANIMAL SACRIFICE ALLEGATION KERALA
DK SIVAKUMAR (Etv Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 3:29 PM IST

ബെംഗളൂരു:കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലിയും ശത്രുസംഹാര യാഗവും നടന്നുവെന്ന പരാമര്‍ശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍. രാജരാജേശ്വരി ക്ഷേത്രത്തില്‍ ശത്രുസംഹാര യാഗം നടന്നുവെന്ന ശിവകുമാറിന്‍റെ പരാമര്‍ശത്തെ കേരള ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, ക്ഷേത്രം ഭാരവാഹികളും ഇതില്‍ അതൃപ്തി അറിയിച്ചതോടെയാണ് കൂടുതല്‍ വ്യക്തത വരുത്താനായി ഡികെ ശിവകുമാര്‍ രംഗത്തെത്തിയത്.

തന്‍റെ വാക്കുകള്‍ ഇവിടെ വളച്ചൊടിക്കപ്പെടുകയാണ് ഉണ്ടായതെന്ന് ശിവകുമാര്‍ പറഞ്ഞു. വിശ്വാസിയും ഭക്തനുമായ തനിക്ക് രാജരാജേശ്വരി ക്ഷേത്രത്തില്‍ ഇത്തരം യാഗങ്ങള്‍ നടത്താറില്ലെന്ന് അറിയാം. ക്ഷേത്രത്തില്‍ നിന്നുമാറി 15 കിലോമീറ്റര്‍ ദൂരെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് യാഗവും പൂജയും നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

'രാജരാജേശ്വരി ദേവിയുടെ വലിയ ഭക്തനും വിശ്വാസിയുമാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് അറിയാം അവിടെ ഇങ്ങനെയുള്ള പൂജകള്‍ ഒന്നും ചെയ്യാറില്ലെന്ന്. ഇവിടെ എന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്ററെങ്കിലും മാറി ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പൂജയും യാഗവും നടന്നത്. ഈ സ്ഥലം പരാമര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു ക്ഷേത്രത്തെ കുറിച്ച് പറയേണ്ടി വന്നത്'- ഡികെ ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളെ കാണുന്നതിനിടെ ശത്രുസംഹാര യാഗത്തെ കുറിച്ചുള്ള പരാമര്‍ശം ഡികെ ശിവകുമാര്‍ നടത്തിയത്. കര്‍ണാടക സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കുന്നതിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ കേരളത്തില്‍ വച്ച് ചിലര്‍ ദുര്‍മന്ത്രവാദം നടത്തിയെന്നായിരുന്നു ഡികെയുടെ പരാമര്‍ശം. പൂജയുടെ ഭാഗമായി ക്ഷേത്രത്തില്‍ 42 ആടുകളെയും അഞ്ച് വീതം പന്നി, പോത്ത് എന്നിവയേയും ബലി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More :'42 ആടുകള്‍, 5 വീതം പോത്തുകളും പന്നികളും' ; കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി യാഗമെന്ന് ഡികെ ശിവകുമാര്‍ - DK Shivakumar On Black Magic

Also Read :ഡി കെ ശിവകുമാറിന്‍റെ മൃഗബലി ആരോപണം; പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി - Animal Sacrifice Allegation

ABOUT THE AUTHOR

...view details