ന്യൂഡൽഹി : ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി നടത്തിയ കന്നി പ്രസംഗത്തിൽ രാജ്യം ചര്‍ച്ച ചെയ്യുന്ന നിരവധി വിഷയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചത്. അഗ്നിപഥ് പദ്ധതി, നീറ്റ് പരീക്ഷകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു.
ബിജെപി ഹിന്ദുത്വത്തിന്‍റെ അക്രമാസക്തമായ രൂപമാണ് പ്രാവർത്തികമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എങ്കിലും എൻഡിഎ ഗവൺമെന്‍റിനെ സമ്മര്‍ദത്തിലാക്കുന്ന അഗ്നിവീറുകളെക്കുറിച്ചുള്ള രാഹുലിന്‍റെ നിരീക്ഷണമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.
അഗ്നിവീറുകള്‍ വീരമൃത്യു വരിച്ചാലും രക്തസാക്ഷി എന്ന് രാജ്യം അംഗീകരിക്കില്ല എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച അഗ്നിവീറിന്‍റെ കുടുംബത്തെ ഞാൻ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തെ രക്തസാക്ഷി എന്ന് വിളിക്കും. പക്ഷേ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ രക്തസാക്ഷിയായി അംഗീകരിക്കുന്നില്ല.'- രാഹുൽ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു,
കുടുംബത്തിന് പെൻഷനോ നഷ്‌ടപരിഹാരമോ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീറുകളെ ഉപയോഗിച്ച് തള്ളാവുന്ന തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയിൽ കള്ളം പ്രചരിപ്പിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗം തടസപ്പെടുത്തികൊണ്ട് പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീറിന്‍റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുന്നുണ്ട് എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വിശദീകരണം.