ഹൈദരാബാദ്: ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങിന്‍റെ മുൻനിര സ്‌മാർട്ട്‌ഫോൺ ലൈനപ്പായ സാംസങ് ഗാലക്‌സി എസ് 25 അൾട്രാ മോഡലിന്‍റെ ആദ്യ ഹാൻഡ്‌സ് ഓൺ വീഡിയോ ചോർന്നിരിക്കുകയാണ്. എസ് 25 സീരീസ് അടുത്ത വർഷം ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെയാണ് ചിത്രങ്ങൾ ചോർന്നിരിക്കുന്നത്. ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്രാ എന്നീ മോഡലുകളാണ് എസ് 25 സീരീസിൽ പുറത്തിറങ്ങാനിരിക്കുന്നത്.
ചോർന്ന വീഡിയോയിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്രാ മോഡൽ ദൃശ്യമാകുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോ ശരിയാണെങ്കിൽ, ഗാലക്‌സി എസ് 24 സീരീസിനേക്കാൾ വ്യത്യസ്‌ത ഡിസൈനിലായിരിക്കും എസ് 25 സീരീസ് എത്തുക. ഗാലക്‌സി എസ് 25ൽ വൃത്താകൃതിയിലുള്ള കോർണർ ആണ് ദൃശ്യമാകുന്നത്.
പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോണിന്‍റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്യാമറ മോഡ്യൂളിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഗാലക്‌സി Z ഫോൾഡ് 6 മോഡലിന്‍റെ അതേ ക്യാമറ സജ്ജീകരണമാണ് എസ് 25 സീരീസിലും നൽകിയിരിക്കുന്നത്.
അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാമോ?
ഗാലക്‌സി എസ് 25 സീരീസ് കൂടുതൽ മികച്ച ഡിസ്‌പ്ലേയും ഡിസൈനുമായി പ്രീമിയം ലുക്കിൽ വരുമെന്നാണ് ചോർന്ന ഫോട്ടോകൾ കാണിക്കുന്നത്. സ്ലിം ഡിസൈനിലായിരിക്കും എസ് 25 സീരീസ് പുറത്തിറക്കുക. കൂടാതെ ഡിസൈനിൽ എസ്-പെൻ അപ്‌ഗ്രേഡ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. സ്‌ക്രീനിൽ എഴുതാനോ വരയ്ക്കാനോ സാധിക്കുന്ന തരത്തിലുള്ള വയർലെസ് ഡിജിറ്റൽ പെൻ സ്റ്റൈലസ് ആണ് എസ്-പെൻ. എസ്-പേനയുടെ മുകൾഭാഗം മുൻപത്തേക്കാൾ കവർ ചെയ്‌ത രീതിയിലായിരിക്കും.
ഐഫോൺ 17ന് എതിരാളിയാകുമോ?
ചോർന്ന ഡാറ്റ അനുസരിച്ച്, കൂടുതൽ സ്ലിം ആയ മോഡലായിരിക്കും സാംസങ് പുറത്തിറക്കുക. 'ഗാലക്‌സി എസ്25 സ്ലിം' എന്നായിരിക്കും ഇതിന്‍റെ പേര്. മെലിഞ്ഞതും കനം കുറഞ്ഞതുമായ ഡിസെനിലെത്തുന്ന ഫോൺ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയറുമായി മത്സരിക്കാനാണ് സാധ്യത. 6 മില്ലി മീറ്റർ മാത്രം വണ്ണമുള്ള ആപ്പിളിന്‍റെ അൾട്രാ സ്ലിം മോഡലായ ഐഫോൺ 17 സീരീസ് അടുത്ത വർഷം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.
വരാനിരിക്കുന്ന ഐഫോൺ 17 നിലവിലുള്ള ഏറ്റവും വണ്ണം കുറഞ്ഞ മോഡലായ ഐഫോൺ 6 നേക്കാൾ സ്ലിം ആയിരിക്കുമെന്നാണ് ടെക് വിദഗ്‌ധർ പറയുന്നത്. അതിനാൽ തന്നെ മികച്ച ക്യാമറയുമായി പ്രീമിയം ലുക്കിലെത്തുന്ന സാംസങിന്‍റെ സ്ലിം ആയ എസ് 25 സീരീസ് ഐഫോൺ 17നുമായി കടുത്ത മത്സരത്തിലേർപ്പെടാനാണ് സാധ്യത.
ലോഞ്ച് എന്ന്?
ദക്ഷിണ കൊറിയന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകളനുസരിച്ച്, സാംസങ് ഗാലക്‌സി എസ്25 സിരീസ് 2025 ജനുവരി 23ന് പുറത്തിറക്കുമെന്നാണ് സൂചന. ആഗോള ലോഞ്ചിങിന്‍റെ അതേ ദിവസം തന്നെ ഇന്ത്യയിലും എത്തുമെന്നാണ് വിവരം. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിൽ നടക്കുന്ന ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റിലായിരിക്കും ഗ്യാലക്‌സി എസ്25 സ്ലിം മോഡൽ പുറത്തിറക്കുക. എന്നാൽ ഗ്യാലക്‌സി എസ്25 സിരീസ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് സാംസങ് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Also Read:
- ഗെയിമിങിനും സെൽഫിക്കുമായി വ്യത്യസ്‌ത കെയ്‌സുകൾ: ആവശ്യാനുസരണം മാറ്റിയിടാവുന്ന 'സ്‌മാർട്ട് ഔട്ട്‌ഫിറ്റ്സ്' ഫീച്ചറുമായി എച്ച്എംഡി ഫ്യൂഷൻ
- മികച്ച പെർഫോമൻസും കരുത്തുറ്റ ബാറ്ററിയും: കാത്തിരിപ്പിന് വിരാമമിട്ട് റിയൽമി GT 7 പ്രോ
- സൂപ്പർ എഐ, സൂപ്പർ ക്യാമറ: നിരവധി ഫീച്ചറുകളുമായി റെഡ്‌മി നോട്ട് 14 സീരീസ് ഇന്ത്യയിലെത്തുന്നു; ലോഞ്ച് ഉടൻ
- പ്രീമിയം ലുക്കിൽ ഷവോമിയുടെ പുതിയ 5ജി ബജറ്റ് സ്‌മാർട്ട്‌ഫോൺ: വില പതിനായിരത്തിൽ താഴെ