ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്‌തതിനു പിന്നാലെ പ്രിയങ്കാ ഗാന്ധി ഈ മാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം. 30ന് വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഡിസംബര്‍ ഒന്നിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് മണ്ഡലങ്ങളിലും പ്രിയങ്ക പര്യടനം നടത്തും. പ്രിയങ്കയുടെ സന്ദര്‍ശനം വന്‍ വിജയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. പര്യടന പരിപാടിയുടെ അന്തിമരൂപരേഖ കെപിസിസി തയ്യാറാക്കി വരികയാണ്.
കൽപ്പറ്റയിൽ പുതിയ വീട് വാങ്ങിയാകും പ്രിയങ്ക വയനാട്ടിൽ പ്രവർത്തനം കേന്ദ്രീകരിക്കുക. വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ഡൽഹിയിൽ നിന്ന് പ്രത്യേക സംഘം വായനാട്ടിലെത്തിയിരുന്നു. റായ്ബറേലിയിലെ സോണിയാ ഗാന്ധിയുടെ വീടിന് സമാനമായ സൗകര്യങ്ങളാണ് കൽപ്പറ്റയിലും പരിഗണനയിലുള്ളത്.
വീട്ടിൽ തന്നെ ഒരു എംപി ഓഫിസ്, യോഗങ്ങൾ ചേരാനുള്ള സംവിധാനം, കോൺഫറൻസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് പ്രിയങ്ക സൂചിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയ്‌ക്കായി നേതാക്കള്‍ കണ്ടുവച്ച വീടുകള്‍ സൗകര്യപ്രദമാണോ എന്ന് പരിശോധിക്കാൻ ഡൽഹിയിൽ നിന്നെത്തിയ സംഘം നിരവധിയിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. കല്‍പ്പറ്റ നഗരത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടാണ് പ്രിയങ്കയ്‌ക്കായി അന്വേഷിക്കുന്നത്. നിലവില്‍ ടി സിദ്ദിഖ് എംഎല്‍എ താമസിക്കുന്നതിന് അടുത്തായുള്ള വീടുകളും പരിഗണനയില്‍ ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ പ്രത്യേകം വീട് സജ്ജീകരിച്ചിരുന്നില്ല. രാഹുൽ വയനാട്ടിലെത്തുമ്പോൾ പിഡബ്ള്യുഡി റസ്റ്റ് ഹൗസിലും റിസോർട്ടുകളിലുമായായിരുന്നു താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി എത്തിയപ്പോൾ പ്രിയങ്കാ ഗാന്ധിയും വിവിധ റിസോർട്ടുകളിലായാണ് താമസിച്ചത്.
അതേസമയം, രാഹുൽ ഗാന്ധി എംപിയായിരുന്നപ്പോൾ ഉപയോഗിച്ച അതേ ഓഫിസ് തന്നെയാകും പ്രിയങ്കയും ഉപയോഗിക്കുക. കൽപറ്റയിൽ കൈനാട്ടിയിലാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് സ്ഥിതി ചെയ്‌തിരുന്നത്. പ്രിയങ്കയും ഇതേ ഓഫിസാകും ഉപയോഗിക്കുക എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
Also Read:പ്രിയങ്ക നാലാം നിരയിൽ; സത്യപ്രതിജ്ഞക്കെത്തിയത് കേരള സാരിയിൽ